അബുദാബി: ക്രിസ്മസ് നിറവില്‍ വര്‍ണക്കാഴ്ചകളൊരുക്കി സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന തിരക്കിലാണ് ഷോപ്പിങ് മാളുകള്‍. യു.എ.ഇ.യിലെ മിക്ക വ്യാപാര കേന്ദ്രങ്ങളിലും ക്രിസ്മസ് തിരക്കാരംഭിച്ചു. സമ്മാനപ്പൊതികളും നക്ഷത്രങ്ങളും ക്രിസ്മസ് ട്രീയുമെല്ലാം വാങ്ങാനെത്തുന്നവരുടെ തിരക്കാണ് എവിടെയും. കുട്ടികള്‍ക്കായി ക്രിസ്മസ് നിറങ്ങളിലുള്ള വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും പ്രത്യേകമായൊരുക്കിയിട്ടുണ്ട്.
സമ്മാനങ്ങള്‍ നിറച്ച ഭാണ്ഡവുമായി നില്‍ക്കുന്ന ക്രിസ്മസ് അപ്പൂപ്പനും മഞ്ഞുമലകളും റെയിന്‍ഡിയറുകള്‍ വലിക്കുന്ന വാഹനവും മഞ്ഞില്‍ പുതഞ്ഞ ദേവദാരുവുമെല്ലാം ഉള്‍ക്കൊള്ളുന്ന സാന്റാ വില്ലേജാണ് പ്രധാന മാളുകളിലെയെല്ലാം പ്രധാന കവാടത്തിലെ ആകര്‍ഷണം. കേക്കുകളുടെയും മധുര പലഹാരങ്ങളുടെയും കടകളിലും നല്ല തിരക്കാണ്. പല നിറത്തിലും രുചിയിലുമുള്ള കേക്കുകള്‍ വിപണിയില്‍ ഉണ്ടെങ്കിലും പ്ലം കേക്കുകള്‍ക്കാണ് ക്രിസ്മസിന് ആവശ്യക്കാരേറെ. അതിനാല്‍ വരുംദിവസത്തില്‍ പ്ലം കേക്കുകളുടെ വലിയ ശേഖരം വരുംദിനങ്ങളില്‍ വിപണിയിലെത്തും.
ഇത്തവണ ക്രിസ്മസ് ദിനം ഞായറാഴ്ചയായതിനാല്‍ പലയിടങ്ങളിലും വെള്ളിയാഴ്ച മുതല്‍ ആഘോഷപരിപാടികള്‍ക്ക് തുടക്കമാകും. കേക്കും വൈനും പ്രത്യേക ക്രിസ്മസ് വിഭവങ്ങളുമായുള്ള ആഘോഷങ്ങള്‍ ഫ്‌ളാറ്റുകളിലും പള്ളികളിലും നടക്കും.
പള്ളികളുടെയും യുവജന സംഘങ്ങളുടെയും നേതൃത്വത്തിലുള്ള ക്രിസ്മസ് കരോളുകള്‍ ആഴ്ചകള്‍ക്ക് മുമ്പേ സജീവമായിട്ടുണ്ട്.നാട്ടിലെ രീതിയില്‍ നിന്ന് വ്യത്യസ്തമായി ദേവാലയങ്ങളിലെ ക്രിസ്മസ് ആഘോഷങ്ങള്‍ ശനിയാഴ്ച വൈകീട്ട് ഏഴിന് സന്ധ്യാനമസ്‌കാരത്തോടെ തുടങ്ങും. വിവിധ പള്ളികളില്‍ തീജ്ജ്വാലാശുശ്രൂഷയും നടക്കും. എട്ടരയോടെ ഇടവകയിലെ വിശ്വാസിസമൂഹം പങ്കെടുക്കുന്ന വിശുദ്ധ കുര്‍ബാന നടക്കും. പിന്നീട് യേശുവിന്റെ ജനന പെരുന്നാളിന്റെ ഭാഗമായുള്ള പ്രാര്‍ഥനയും പാതിരാ കുര്‍ബാനയും ഉണ്ടായിരിക്കും. 25 ദിവസമായി ആചരിച്ചുവരുന്ന നോയമ്പ് വീടല്‍ ചടങ്ങോടെ ആഘോഷങ്ങള്‍ക്ക് സമാപനമാവും.