കോതമംഗലം: പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ. യൂസഫലി, യാക്കോബായ സുറിയാനി സഭാധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവയെ സന്ദര്‍ശിച്ചു. കോതമംഗലം മൗണ്ട് സീനായ് കാതോലിക്കേറ്റ് അരമനയിലായിരുന്നു സന്ദര്‍ശനം. ബാവായുടെയും സഭയുടെയും ആത്മാര്‍ഥ സുഹൃത്താണ് യൂസഫലി.

ശ്രേഷ്ഠ ബാവയെ താന്‍ എന്നും പ്രാര്‍ഥനകളില്‍ ഓര്‍ക്കാറുണ്ടെന്നും 92-ാം വയസ്സിലും അദ്ദേഹത്തിന്റെ മുഖത്ത് കാണുന്ന ശോഭ, അത്യുന്നതങ്ങളിലെ ദൈവത്തില്‍നിന്നുള്ളതാണെന്നും യൂസഫലി പറഞ്ഞു. സഭയുടെ വളര്‍ച്ചയില്‍ യൂസഫലിയുടെ പ്രത്യേക കരുതലിന് വലിയ പങ്കുണ്ടെന്ന് ബാവ പറഞ്ഞു.

'മുസ്ലിം, ക്രൈസ്തവ സമുദായങ്ങള്‍ തമ്മില്‍ ഭാഷകൊണ്ടും സംസ്‌കാരം കൊണ്ടും പെരുമാറ്റം കൊണ്ടുമെല്ലാം ഒരുപാട് ബന്ധപ്പെട്ടിരിക്കുന്നു. തനിക്ക് കേരളത്തിനു പുറത്ത് എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യാന്‍ സാധിച്ചിട്ടുണ്ടെങ്കില്‍ അതിനുപിന്നില്‍ യൂസഫലിയാണ്. അദ്ദേഹത്തെ പ്രാര്‍ഥനയില്‍ ഓര്‍ക്കാത്ത ദിവസങ്ങളില്ല'- ബാവ പറഞ്ഞു.

ക്രിസ്മസ് കേക്ക് മുറിച്ച്, മധുരം പങ്കുവെച്ച ശേഷമാണ് യൂസഫലി മടങ്ങിയത്. കോതമംഗലം എം.എ. കോളേജ് ഗ്രൗണ്ടില്‍ ഹെലികോപ്റ്ററില്‍ ഇറങ്ങിയാണ് യൂസഫലി അരമനയിലെത്തിയത്. മധ്യപൂര്‍വ ദേശത്ത് സുറിയാനി സഭയ്ക്കു നല്‍കിയ സംഭാവനകളെ മാനിച്ച് യൂസഫലിയെ, കാലംചെയ്ത പരിശുദ്ധ ഇഗ്നാത്തിയോസ് സാഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവ കമാന്‍ഡര്‍ പദവി നല്‍കി ആദരിച്ചിരുന്നു.

മലയാളത്തിന്റെ മണവാളത്വം കാത്തുസൂക്ഷിക്കാന്‍ 'മാതൃഭൂമി'ക്കായി

മലയാളഭാഷയുടെ മഹത്ത്വവും മണവാളത്വവും കാത്തുസൂക്ഷിക്കാന്‍ 'മാതൃഭൂമി'ക്ക് എന്നും കഴിഞ്ഞിട്ടുണ്ടെന്ന് യാക്കോബായ സഭാധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ പറഞ്ഞു. തന്നെക്കാണാനെത്തിയ 'മാതൃഭൂമി' സംഘവുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

'തെറ്റുകൂടാതെ ഭാഷ പ്രയോഗിക്കാനും സംസ്‌കാരം കാത്തുസൂക്ഷിക്കാനും മലയാളികളെ സജ്ജരാക്കിയതില്‍ 'മാതൃഭൂമി'യും അതിന്റെ സാരഥികളായിരുന്ന കെ.പി. കേശവമേനോനും കെ. മാധവന്‍നായരുമൊക്കെ ചെയ്ത സേവനം വളരെ വലുതാണ്. ആ അര്‍ഥത്തില്‍ ഭാഷയുടെ ഉടമസ്ഥാവകാശമുണ്ട് 'മാതൃഭൂമി'ക്ക്. ഈ സംസ്‌കാരത്തിന്റെയും നന്മയുടെയും ചരിത്രത്തില്‍ 'മാതൃഭൂമി'യുണ്ട്. അത് തിരിച്ചറിഞ്ഞ് നന്മയും ക്ഷമയും വളര്‍ത്തിയെടുത്ത് മലയാളത്തിന്റെ മഹത്ത്വം വീണ്ടെടുക്കാന്‍ എല്ലാവര്‍ക്കും സാധിക്കണം'- അദ്ദേഹം പറഞ്ഞു.

പല കാരണങ്ങള്‍കൊണ്ട് തര്‍ക്കങ്ങളും കലഹങ്ങളുമാണിപ്പോള്‍. പരസ്പരം ആശ്വസിപ്പിക്കുന്നതിനു പകരം വേദനിപ്പിക്കുന്നു. അതു പാടില്ല. കാലുഷ്യമെല്ലാം ഇല്ലാതായി, സമാധാനത്തിന്റെയും സന്തോഷത്തിന്റെയും അധ്യായം തുടങ്ങാന്‍ ഇടവരട്ടെ എന്നാണ് ഈ വര്‍ഷത്തെ ക്രിസ്മസിന് എനിക്കു പറയാനുള്ളത്. സമുദായങ്ങള്‍ തമ്മില്‍ ഐക്യത്തോടെ കഴിയാനും ശാന്തിയും സമാധാ നവും നിലനില്‍ക്കാനുമുള്ള സാഹചര്യമുണ്ടാക്കുന്നതില്‍ 'മാതൃഭൂമി'യും പങ്കുവഹിച്ചിട്ടുണ്ട്. അത് തുടരണം'- അദ്ദേഹം പറഞ്ഞു.

Content Highlights: Xmas celebration, catholica bava baselios thomas 1 and Yousafali