ദുബായ്: മാലിന്യനിര്‍മാര്‍ജനത്തിന് പണമീടാക്കുന്നതും നിയമലംഘനങ്ങള്‍ക്ക് പിഴചുമത്തുന്നതും സംബന്ധിച്ച് ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉത്തരവിറക്കി. മേയ് 17 മുതല്‍ പുതിയ ഉത്തരവ് പ്രാബല്യത്തിലാകും.

എമിറേറ്റിലെ വാണിജ്യസ്ഥാപനങ്ങളും ഫാക്ടറികളും പൊതു- സ്വകാര്യ സ്ഥാപനങ്ങളുമാണ് പുതിയ നിയമത്തിന്റെ കീഴില്‍ വരിക. താമസക്കെട്ടിടങ്ങള്‍ നിയമത്തിന്റെ പരിധിയില്‍ വരുന്നില്ല. ഇതനുസരിച്ച് സ്ഥാപനങ്ങളില്‍നിന്ന് മാലിന്യം ശേഖരിച്ച് സംസ്‌കരിക്കാന്‍ നിശ്ചിതതുക ഈടാക്കും. സാധാരണ മാലിന്യം, അപകടകരമായ മെഡിക്കല്‍ മാലിന്യം തുടങ്ങി പലതരം മാലിന്യം അളവനുസരിച്ചാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. മാലിന്യസംസ്‌കരണം സംബന്ധിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കുള്ള ലൈസന്‍സ് ഫീസും നിയമലംഘനങ്ങള്‍ക്കുള്ള പിഴയും പുതിയ ഉത്തരവില്‍ പ്രതിപാദിക്കുന്നുണ്ട്.

അന്താരാഷ്ട്ര മാനദണ്ഡങ്ങളനുസരിച്ച് സുസ്ഥിര മാലിന്യ സംസ്‌കരണം നടപ്പാക്കുന്നതിന് സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് ഈ നീക്കമെന്ന് ദുബായ് മുനിസിപ്പാലിറ്റിയുടെ മാലിന്യസംസ്‌കരണ വിഭാഗം തലവന്‍ അബ്ദുല്‍ മജീദ് സിഫൈ പറഞ്ഞു. എക്‌സ്‌പോ 2020 പോലെ ഒരു ബൃഹദ് സംരംഭത്തിന് തയ്യാറാകുന്ന ദുബായില്‍ വര്‍ഷംതോറും സമൂഹത്തിന്റെ പല വിഭാഗങ്ങളില്‍നിന്നുള്ള മാലിന്യത്തിന്റെ തോത് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ സമഗ്രമായ മാലിന്യനിര്‍മാര്‍ജനം നടപ്പാക്കാന്‍ നിയമനിര്‍മാണം അനിവാര്യമാണെന്നും അബ്ദുല്‍ മജീദ് സിഫൈ ചൂണ്ടിക്കാട്ടി.

മാലിന്യനിര്‍മാര്‍ജനത്തിന് ഈടാക്കുന്ന നിരക്കുകള്‍

1. പൊതു മാലിന്യം

*ജൈവമാലിന്യം - ടണ്ണിന് 30 ദിര്‍ഹം

*പുനരുപയോഗിക്കാവുന്ന മാലിന്യം - ടണ്ണിന് 30 ദിര്‍ഹം

*കാര്‍ഷിക മാലിന്യം - ടണ്ണിന് 10 ദിര്‍ഹം

*നിര്‍മാണപ്രവര്‍ത്തനങ്ങളുടെ മാലിന്യം -ടണ്ണിന് 10 ദിര്‍ഹം

2. ആവശ്യമില്ലാത്ത വസ്തുക്കളുടെ മാലിന്യം

*കടലാസ്, സി.ഡി, ടേപ്പുകള്‍, തുകല്‍, തുണികള്‍, റബ്ബര്‍, ഭക്ഷണസാധനങ്ങള്‍, കളിപ്പാട്ടങ്ങള്‍, ഫര്‍ണിച്ചര്‍, വലിയ മരക്കഷ്ണങ്ങള്‍- ടണ്ണിന് 200 ദിര്‍ഹം

*ഇലക്ട്രിക്കല്‍, ഇലക്േട്രാണിക് ഉപകരണങ്ങള്‍, ആരോഗ്യ സംരക്ഷണ ഉത്പന്നങ്ങള്‍, കേടുവന്ന ഇറച്ചി, വളങ്ങള്‍- ടണ്ണിന് 300 ദിര്‍ഹം

*പുകയില, സിഗററ്റ്, മദ്യം - ടണ്ണിന് 500 ദിര്‍ഹം

3.ആപല്‍ക്കരമായ മാലിന്യം

* ഖരമാലിന്യം - ടണ്ണിന് 20 ദിര്‍ഹം

*മാലിന്യത്തിന്റെ തരം അനുസരിച്ച് ടണ്ണിന് 200 മുതല്‍ 1000 ദിര്‍ഹം വരെ

4. മെഡിക്കല്‍ മാലിന്യം

* പൊതുമേഖലയ്ക്ക് - കിലോഗ്രാമിന് മൂന്ന് ദിര്‍ഹം

* സ്വകാര്യമേഖലയ്ക്ക് - കിലോഗ്രാമിന് ആറുദിര്‍ഹം