ദുബായ്: യു.എ.ഇയില്‍ ചില പൊതുയിടങ്ങളില്‍ മുഖാവരണം ധരിക്കണമെന്ന നിബന്ധന ഒഴിവാക്കുന്നു. എന്നാല്‍ രണ്ട് മീറ്റര്‍ സാമൂഹിക അകലം പാലിക്കണമെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. പൊതുസ്ഥലങ്ങളില്‍ വ്യായാമം ചെയ്യുമ്പോള്‍ താമസക്കാര്‍ മുഖാവരണം ധരിക്കേണ്ടതില്ല. ഒരേ വീട്ടിലെ അംഗങ്ങള്‍ അവരുടെ സ്വകാര്യ വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോഴും മുഖാവരണം നിര്‍ബന്ധമല്ല. സ്വിമ്മിങ് പൂള്‍, ബീച്ച്, സലൂണ്‍, ബ്യൂട്ടി സെന്ററുകള്‍, മെഡിക്കല്‍ സെന്ററുകള്‍ എന്നിവിടങ്ങളിലും മുഖാവരണം ധരിക്കേണ്ടതില്ല. മുഖാവരണം ആവശ്യമില്ലാത്ത സ്ഥലങ്ങളില്‍ ഇത് സംബന്ധിച്ചുള്ള അടയാളങ്ങള്‍ സ്ഥാപിക്കുമെന്നും അധികൃതര്‍ അറിയിച്ചു. മറ്റെല്ലാ പൊതുയിടങ്ങളിലും മുഖാവരണം നിര്‍ബന്ധമാണെന്ന് ആരോഗ്യ രോഗ പ്രതിരോധ മന്ത്രാലയം അറിയിച്ചു.