അബുദാബി: യു.എ.ഇ. കോവിഡ്19-നെ അതിജീവിച്ചുവെന്ന് അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേനയുടെ ഉപസര്‍വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായ്ദ് അല്‍ നഹ്യാന്‍. കഴിഞ്ഞ മൂന്നു ദിവസമായി രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 200-ല്‍ താഴെയാണ്. സ്‌കൂളുകള്‍ തുറന്നതും ഓഫീസുകളടക്കം സജീവമായതും യാത്രകള്‍ പുനരാരംഭിച്ചതും രാജ്യം കോവിഡ് പ്രതിസന്ധിയെ അതിജീവിച്ചതിന് തെളിവാണ്. ജനജീവിതം സാധാരണ നിലയിലേക്ക് എത്തുമ്പോള്‍ ദൈവത്തിന് നന്ദി പറയുന്നുവെന്ന് ഷെയ്ഖ് മുഹമ്മദ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.