അബുദാബി: യു.എ.ഇ. ഭരണാധികാരികള്‍ അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ചു. സ്ത്രീകള്‍ക്ക് ധൈര്യവും ആത്മവിശ്വാസവും പകരുന്ന ട്വീറ്റുകളാണ് ഭരണാധികാരികള്‍ പങ്കുവെച്ചത്.

'മാര്‍ച്ച് എട്ട് ലോകത്തിലെ മുഴുവന്‍ സ്ത്രീകളെയും സംബന്ധിച്ചിടത്തോളം ഏറ്റവും മനോഹരമായ ദിനമാണ്. ലോകം അതാഘോഷിക്കുകയാണ്. സമൂഹത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്ന, വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരുന്ന, തലമുറകളെ വാര്‍ത്തെടുക്കുന്നവരെ യു.എ.ഇ.യും വാഴ്ത്തുന്നു. നിങ്ങള്‍ കരുത്തും സൗന്ദര്യവും ശോഭയും അനുകമ്പയുമുള്ളവരായി എന്നും നിലകൊള്ളട്ടെ എന്നാശംസിക്കുന്നു' യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു. തന്റെ സംഘത്തില്‍ എഴുപത് ശതമാനവും വനിതകളാണെന്നും അവരോടു നന്ദി പ്രറയുന്നെന്നും വനിതാദിനാശംസകള്‍ നേരുന്നെന്നും ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു.

രാഷ്ട്രത്തിന്റെ ഹൃദയവും രക്തസാക്ഷികളുടെ മാതാക്കളും വികസനത്തിന്റെ പങ്കാളികളും വനിതകളാണെന്ന് അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധ സേനാ ഉപ സര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പറഞ്ഞു. രാഷ്ട്രപുരോഗതിയില്‍ വ്യക്തമായ വനിതാ പങ്കാളിത്തമുണ്ടെന്നും അദ്ദേഹം കുറിപ്പില്‍ പറഞ്ഞു.

രാഷ്ട്രനിര്‍മാണത്തില്‍ സാമൂഹിക മൂല്യങ്ങളെ മുറുകെപ്പിടിച്ചുകൊണ്ടുള്ള വനിതകളുടെ പങ്കിനെക്കുറിച്ച് യു.എ.ഇ. വിദേശകാര്യവകുപ്പ് മന്ത്രി ഡോ. അന്‍വര്‍ ഗര്‍ഗാഷും വനിതാദിനത്തില്‍ ചൂണ്ടിക്കാട്ടി. ഭിന്നശേഷിക്കാരായവരുടെ അമ്മമാരുടെ ജീവിതത്തെക്കുറിച്ചാണ് യു.എ.ഇ. സാംസ്‌കാരിക വിജ്ഞാന വികസന വകുപ്പ് മന്ത്രി നൂറ അല്‍ കാബി അഭിപ്രായപ്പെട്ടത്. നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകങ്ങളായ അവരുടെ സംഭാവനകളെക്കുറിച്ച് മന്ത്രി വിശദമാക്കി.