ഷാര്‍ജ: പിറന്നാള്‍ ആഘോഷത്തിന് ഇന്ത്യന്‍ വിദ്യാര്‍ഥിനി നൂറോളം മരത്തൈകള്‍ നട്ടു. ഷാര്‍ജ കേന്ദ്രമായി പരിസ്ഥിതി പ്രവര്‍ത്തനം നടത്തുന്ന എന്‍ജിനീയറിങ് വിദ്യാര്‍ഥിനി ആരുഷി മദന്‍ ആണ് നഴ്‌സറികളിലും പൊതുസ്ഥലങ്ങളിലുമായി തൈകള്‍ നട്ടത്. പിറന്നാളിനോട് അനുബന്ധിച്ചുള്ള ഒരാഴ്ചയില്‍ ഓരോ ദിവസവും പലയിടങ്ങളിലായി തൈകള്‍ നടുകയായിരുന്നു.

ഷാര്‍ജയിലെ ലോലി പോപ് നഴ്‌സറി, ലിറ്റില്‍ ഏഞ്ചല്‍സ് ബ്രിട്ടീഷ് നഴ്‌സറി, വ്യവസായ മേഖല, ഷാര്‍ജ ഫ്രീസോണ്‍, കുവൈത്ത് റൗണ്ടെബൗട്ട് എന്നിവിടങ്ങളിലാണ് തൈകള്‍ നട്ടത്. നഴ്‌സറികളില്‍ കുട്ടികളെ ഉള്‍പ്പെടുത്തിക്കൊണ്ടും മരങ്ങളുടെ പ്രസക്തി വിശദീകരിച്ചുകൊണ്ടുമായിരുന്നു നടീല്‍. ഫ്രീസോണില്‍ തൊഴിലാളികള്‍കൂടി പങ്കാളികളായി.

ഷാര്‍ജ ഡല്‍ഹി പ്രൈവറ്റ് സ്‌കൂളില്‍നിന്ന് 12-ാംതരം പൂര്‍ത്തിയാക്കിയ ആരുഷി മദന്‍ യു.കെ. യിലെ ബര്‍മിങ്ഹാമില്‍ ഇലക്ട്രോണിക് ആന്‍ഡ് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദപഠനം നടത്തുന്നു. തുന്‍സ ഇക്കോ ജനറേഷന്റെ മേഖലാ അംബാസഡറാണ്. എല്ലാവര്‍ഷവും പിറന്നാളിനോട് അനുബന്ധിച്ച് മരങ്ങള്‍ നട്ടുപിടിപ്പിക്കാറുണ്ടെന്ന് ആരുഷി പറഞ്ഞു.