ദുബായ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.എ.ഇ പര്യടനത്തിന് തൊട്ടുപിന്നാലെ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജും യു.എ.ഇ യിലെത്തുന്നു.

ഏപ്രില്‍ ഏഴിന് ദുബായില്‍ നടക്കുന്ന അന്താരാഷ്ട്ര സ്ത്രീശാക്തീകരണ പരിപാടിയില്‍ മുഖ്യാതിഥിയായാണ് സുഷമ എത്തുന്നത്. ദുബായ് ജുമേറ മിന അല്‍ സലാമിലാണ് പരിപാടി. കേന്ദ്ര വനിതാ-ശിശു വികസന വകുപ്പ് മന്ത്രി മനേകാ ഗാന്ധിയും പരിപാടിയില്‍ സംബന്ധിക്കുന്നുണ്ട്. യു.എ.ഇ മന്ത്രിയും ദുബായ് എക്‌സ്‌പോ 2020 യുടെ മാനേജിങ് ഡയറക്ടറുമായ റീം ഇബ്രാഹിം അല്‍ ഹാഷിമി, പ്രമുഖ യു.എ.ഇ വനിതാ സംരംഭകയായ ശൈഖ ഹിന്ദ് ഫൈസല്‍ അല്‍ ഖാസിമിയും അതിഥികളായി പരിപാടിയില്‍ സംബന്ധിക്കും. ഒളിംപ്യന്‍ പി.ടി.ഉഷ,  നര്‍ത്തകി സുധാ ചന്ദ്രന്‍, യോഗാ പ്രചാരകയും പദ്മശ്രീ അവാര്‍ഡ് ജേതാവുമായ സൗദി വനിത നൗഫ് മര്‍വാനി, കാനഡയിലെ രാഷ്ട്രീയ നേതാവ് റൂബി ദല്ല എന്നിവരാണ് പരിപാടിയില്‍ സംബന്ധിക്കുന്ന മറ്റ് പ്രമുഖര്‍. ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്, പതഞ്ജലി യോഗപീഠ് സി.ഇ.ഓ ആചര്യ ബാലകൃഷ്ണ, ബോളിവുഡ് സിനിമാ സംവിധായകന്‍ മധുര്‍ ഭണ്ഡാര്‍കര്‍ എന്നിവരാണ് പരിപാടിയുടെ രക്ഷാധികാരികളെന്ന് ബി.ജെ.പി എന്‍.ആര്‍.ഐ സെല്‍ വക്താവ് സജീവ് കുമാര്‍ അറിയിച്ചു.

സ്ത്രീ ശാക്തീകരണം സംബന്ധിച്ച ചര്‍ച്ചകളാണ് പ്രധാനമെങ്കിലും ഇന്ത്യ-യു.എ.ഇ ബന്ധങ്ങള്‍ സംബന്ധിച്ച് യു.എ.ഇ യുടെ  പ്രമുഖ നേതാക്കളുമായുള്ള ചര്‍ച്ചകളും സുഷമാ സ്വരാജിന്റെ ഈ സന്ദര്‍ശന വേളയില്‍ നടക്കും.