അബുദാബി: പുകവലിമൂലം യു.എ.ഇ.യില്‍ ഒരാഴ്ച മരിക്കുന്നത് 27 പേര്‍. അബുദാബി ക്‌ളീവ് ലാന്‍ഡ് ക്ലിനിക് നടത്തിയ പഠനത്തിലെ കണക്കാണിത്. മൊത്തം മരണനിരക്കെടുത്താല്‍ 24.3 ശതമാനം പുരുഷന്മാരും 0.8 ശതമാനം സ്ത്രീകളും മരിക്കുന്നത് പുകയിലജന്യ രോഗങ്ങള്‍കൊണ്ടാണ്. സിഗരറ്റ് തന്നെയാണ് ഏറ്റവും വലിയ ഭീഷണി.

മെദ്വാക്ക്, ഷീഷ എന്നിവയുടെ ഉപയോഗങ്ങളും ആളുകളെ മരണത്തിലേക്കു നയിക്കുന്ന കാരണങ്ങളാണ്. ക്‌ളീവ് ലാന്റ് ക്ലിനിക്കിന്റെ ആഭിമുഖ്യത്തില്‍ പുകയില ഉപയോഗത്തിനെതിരേ നിരവധി ബോധവത്കരണ പദ്ധതികളും നടന്നുവരുന്നുണ്ട്. അബുദാബി ആരോഗ്യവകുപ്പിന്റെ അംഗീകാരത്തോടെയാണ് ഇവ നടക്കുന്നത്.

ശ്വാസകോശസംബന്ധമായ അസുഖങ്ങള്‍ കുറയുമെന്നതിനപ്പുറം മറ്റു നിരവധി ഗുണങ്ങളും പുകവലി നിര്‍ത്തുന്നതുകൊണ്ടുണ്ട്. സമ്മര്‍ദരഹിതമായ ജീവിതത്തിനും കൃത്യമായ രുചിയും മണവും ആസ്വദിക്കാനും പുകവലി നിര്‍ത്തിയാല്‍ സാധിക്കുമെന്ന് ബോധവത്കരണ പരിപാടിയുടെ മേധാവി ഇയാദ് ഹസന്‍ പറഞ്ഞു. പുകവലി നിര്‍ത്തി മണിക്കൂറുകള്‍ക്കകം അതിന്റെ മാറ്റങ്ങള്‍ മനസ്സിലാക്കാന്‍ കഴിയും. ഒരു വര്‍ഷം കഴിഞ്ഞാല്‍ ഹൃദയാഘാതം വരാനുള്ള സാധ്യത കുറയും. രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്കുശേഷം പക്ഷാഘാതം വരാനുള്ള സാധ്യതയും ഇല്ലാതാവും.