ദുബായ്: അന്താരാഷ്ട്ര സന്തോഷ ദിനത്തില്‍ ദുബായ് വിമാനത്താവളത്തിലെത്തിയ യാത്രക്കാരുടെ പാസ്‌പോര്‍ട്ടുകളില്‍ പതിഞ്ഞത് ചിരിക്കുന്ന മുഖം .

സന്തോഷദിനാഘോഷത്തിന്റെ ഭാഗമായി പുഞ്ചിരിക്കുന്ന മുഖമുള്ള പ്രത്യേക സ്റ്റാമ്പുകള്‍ ഉപയോഗിച്ചാണ് വിമാനത്താവളത്തിയവരുടെ എന്‍ട്രി സ്റ്റാമ്പ് ചെയ്തത്.

ദുബായിലെ എല്ലാം എയര്‍പോര്‍ട്ടുകളിലും പുഞ്ചിരിയുടെ മുഖമണിഞ്ഞ മുദ്രയാണ് എമിഗ്രേഷന്‍ നടപടികള്‍ക്കായി ഉപയോഗിച്ചത്.

ചുമന്ന നിറത്തില്‍ ചിരിക്കുന്ന മുഖത്തോടൊപ്പം 'സന്തോഷം നിറയുന്ന യു.എ.ഇ.യിലേക്ക് സ്വാഗതം' എന്ന എഴുത്തും പാസ്‌പോര്‍ട്ടുകളില്‍ പതിപ്പിച്ചാണ് ഓരോ യാത്രികനെയും ദുബായ് വരവേറ്റത്.

സന്തോഷ ദിനത്തില്‍ ദുബായില്‍ എത്തുന്ന യാത്രക്കാരെ സ്വീകരിക്കാന്‍ ദുബായ് വിമാനത്താവളത്തിലും ഹത്ത അതിര്‍ത്തിയിലും വിപുലമായ പരിപാടികളാണ് ജി.ഡി.ആര്‍.എഫ്.എ. (ദുബായ് എമിഗ്രേഷന്‍) ഒരുക്കിയിരുന്നത്.

വിമാനത്താവളത്തിലെ ഓരോ പാസ്‌പോര്‍ട്ട് ചെക്കിങ് കൗണ്ടറിലും സന്തോഷ ദിനത്തിന്റെ വരവറിയിക്കുന്ന സന്തോഷമുദ്രകള്‍ പതിപ്പിച്ചിരുന്നു.

മധുരപലഹാരങ്ങളും വിലപിടിപ്പുള്ള സമ്മാനങ്ങളും നല്‍കിയാണ് കാര്‍ട്ടൂണ്‍ മാസ്‌കുകള്‍ അണിഞ്ഞ ജീവനക്കാര്‍ യാത്രക്കാരെ സ്വീകരിച്ചത്.

ദുബായ് എമിഗ്രേഷന്റെ വിവിധ കസ്റ്റമര്‍ ഹാപ്പിനെസ് സെന്ററുകളിലും ലോകസന്തോഷ ദിനത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിച്ചു .

ഉപഭോക്താക്കള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ജീവനക്കാര്‍ക്ക് ഫിംഗര്‍ പഞ്ചിങ് ഉണ്ടായിരുന്നില്ല. പകരം സന്തോഷദിനത്തിന്റെ പ്രസക്തി പങ്കുവെച്ച് സന്ദേശ ഫ്‌ളക്‌സില്‍ ജീവനക്കാര്‍ തങ്ങളുടെ ഹാപ്പിനെസ് മുദ്ര ആലേഖനം ചെയ്തു.

200-ലേറെ രാജ്യക്കാര്‍ ഏറെ സൗഹൃദത്തോടെയും സന്തോഷത്തോടെയും ജീവിക്കുന്ന രാജ്യമാണ് യു.എ.ഇ. എന്ന് വകുപ്പ് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മറി സന്തോഷദിന സന്ദേശത്തില്‍ സ്മരിച്ചു.