ദുബായ്: സയന്‍സ് ഇന്ത്യ ഫോറം (എസ്.ഐ.എഫ്.) യു.എ.ഇ. പ്രതിനിധി സംഘം കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി. മുരളീധരനുമായി കൂടിക്കാഴ്ച നടത്തി. നീറ്റ് പരീക്ഷാ കേന്ദ്രങ്ങള്‍ കുവൈത്തിന് പുറമെ ദുബായിലും അനുവദിച്ചതില്‍ നന്ദി അറിയിച്ചു. മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍കൂടി കൂടുതല്‍ കേന്ദ്രങ്ങള്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് സയന്‍സ് ഇന്ത്യ ഫോറം മധ്യ പൂര്‍വ്വ രാജ്യങ്ങളിലെ സംഘടനാ സെക്രട്ടറി അബ്ഗാ രവീന്ദ്രനാഥ ബാബു നിവേദനം നല്‍കി. വിജ്ഞാന ഭാരതി നാഷണല്‍ സെക്രട്ടറി പ്രവീണ്‍ രാംദാസ്, ക്ഷേത്രീയ സംഘടനാ സെക്രട്ടറി ശ്രീപ്രസാദ് എന്നിവര്‍ സന്നിഹിതരായിരുന്നു. 

നിലവിലെ കേന്ദ്രങ്ങളിലെ പരീക്ഷ നടത്തിപ്പിനെക്കുറിച്ചും കൂടുതല്‍ കേന്ദ്രങ്ങള്‍ അനുവദിക്കുന്നതിനെയും കുറിച്ച് ദുബായിലെ മുന്‍ ഇന്ത്യന്‍ കോണ്‍സല്‍ ജനറലും നിലവിലെ വിദേശ കാര്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറിയും മധ്യ പൂര്‍വ്വ രാജ്യങ്ങളുടെ ചുമതലയുള്ള വിപുല്‍ ഐ.എഫ്.എസ് പ്രതിനിധി സംഘവുമായി ചര്‍ച്ച നടത്തി. 

കോവിഡിനെ തുടര്‍ന്ന് യാത്രാ അനിശ്ചിതത്വത്തിലായ സാഹചര്യത്തിലാണ് സയന്‍സ് ഇന്ത്യ ഫോറം അടക്കമുള്ള പ്രവാസി സംഘടനകളുടെ അഭ്യര്‍ത്ഥന പ്രകാരം കേന്ദ്ര മന്ത്രിസഭ ഇത്തവണ ദുബായിലും പ്രത്യേക കേന്ദ്രങ്ങള്‍ അനുവദിക്കാന്‍ തീരുമാനിച്ചത്. കൂടുതല്‍ നീറ്റ് കേന്ദ്രങ്ങള്‍ അനുവദിക്കാനുള്ള പ്രായോഗികത പരിഗണിക്കാമെന്ന് ബംഗാളില്‍ നിന്നുള്ള കേന്ദ്ര വിദ്യഭ്യാസ സഹ മന്ത്രി ഡോ.സുഭാഷ് സര്‍ക്കാര്‍ പ്രതിനിധി സംഘത്തിന് ഉറപ്പുനല്‍കിയിട്ടുണ്ട്.