ഷാര്‍ജ: യു.എ.ഇ.യുടെ വൈവിധ്യമാര്‍ന്ന സസ്യലതാദികളുടെ വിപുലമായ വിത്തുശേഖരവുമായി ഷാര്‍ജ സീഡ് ബാങ്ക് ആന്‍ഡ് ഹെര്‍ബേറിയം (എസ്.എസ്.ബി.എച്ച്). 430 ഇനങ്ങളുടെ 1500 വിത്തുശേഖരങ്ങളാണ് വിത്തുബാങ്കിലുള്ളത്. അനുബന്ധമായി പ്രവര്‍ത്തിക്കുന്ന ഹെര്‍ബേറിയത്തില്‍ നാലായിരത്തിലധികം ഇനം ചെടികളുടെ മാതൃകകളും സൂക്ഷിച്ചിട്ടുണ്ട്.

രാജ്യത്തിന്റെ സസ്യവൈവിധ്യം വരുംതലമുറയ്ക്കായി കരുതിവെക്കുകയാണ് എസ്.എസ്.ബി.എച്ചിന്റെ ലക്ഷ്യം. ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ പ്രത്യേകതാത്പര്യപ്രകാരം 2009-ലാണ് ബാങ്ക് സ്ഥാപിതമായത്. യു.കെ.യിലെ റോയല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍സിന്റെ സഹകരണത്തോടെയാണിത് പ്രവര്‍ത്തിക്കുന്നത്. ഇന്ന് ഷാര്‍ജ റിസര്‍ച്ച് അക്കാദമിക്ക് ഗവേഷണകാര്യങ്ങളില്‍ വിത്തുബാങ്ക് ഏറെസഹായകമാകുന്നുണ്ട്.

രാജ്യത്തെ വിവിധപ്രദേശങ്ങളില്‍ വളരുന്ന പാതിയോളം സസ്യയിനങ്ങളുടെ വിത്തുകള്‍ ഇതിനകം ശേഖരിക്കാനായി. ഇവയില്‍ 15 ശതമാനവും അപൂര്‍വയിനങ്ങളാണ്. വംശനാശഭീഷണി നേരിടുന്നയിനങ്ങളും സാധാരണമായി കണ്ടുവരുന്നയിനങ്ങളും ഇത്തരത്തില്‍ സൂക്ഷിക്കപ്പെടേണ്ടത് ആധുനികവത്കരണയുഗത്തില്‍ അനിവാര്യമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

രാജ്യത്തെ മുഴുവന്‍ സസ്യലതാദികളുടെയും വിത്തുകള്‍ ശേഖരിക്കാനാണ് ഗവേഷകര്‍ ലക്ഷ്യമിടുന്നതെന്ന് ഷാര്‍ജ റിസര്‍ച്ച് അക്കാദമി ഡയറക്ടര്‍ ജനറല്‍ ഡോ. അമര്‍ അബ്ദുല്‍ ഹാമിദ് ചൂണ്ടിക്കാട്ടി. അപൂര്‍വമായതും വംശനാശഭീഷണിനേരിടുന്നതുമായ ഇനങ്ങള്‍ക്കാണ് തുടക്കത്തില്‍ പ്രാധാന്യംനല്‍കുന്നത്. ആളുകളെ സസ്യയിനങ്ങളെക്കുറിച്ച് ബോധവത്കരിക്കുന്നതിന് 'സീഡ് സയന്‍സ് റിസര്‍ച്ച് ഫോറം' സംഘടിപ്പിക്കാന്‍ പദ്ധതിയുള്ളതായും അധികൃതര്‍ അറിയിച്ചു.