ഷാര്‍ജ: വന്‍തുക ബാങ്കുകളില്‍നിന്നു വായ്പയും വാങ്ങി മാസങ്ങളോളം തൊഴിലാളികള്‍ക്ക് ശമ്പളവും നല്‍കാതെ മലയാളിയായ കമ്പനിയുടമ മുങ്ങിയതായി പരാതി. അബുദാബി, ദുബായ്, ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍, റാസല്‍ഖൈമ എന്നീ എമിറേറ്റുകള്‍ കേന്ദ്രീകരിച്ചുപ്രവര്‍ത്തിക്കുന്ന 12-ഓളം സ്ഥാപനങ്ങളുടെ ഉടമയാണ് കടന്നുകളഞ്ഞത്. കൊച്ചി സ്വദേശിയായ ഉടമയ്ക്കെതിരെ തൊഴിലാളികള്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്.

13,000 ത്തോളം തൊഴിലാളികള്‍ ജോലിചെയ്യുന്ന സ്ഥാപനങ്ങളാണ് കൊച്ചി സ്വദേശി നടത്തിയിരുന്നത്. തൊഴിലാളികളില്‍ ഭൂരിഭാഗവും മലയാളികളാണ്. ജബലലി, സോനാപൂര്‍, ഖിസൈസ്, ഉമ്മുല്‍ഖുവൈന്‍ എന്നിവടങ്ങളിലെല്ലാം കമ്പനിയിലെ ആയിരക്കണക്കിന് തൊഴിലാളികള്‍ താമസിക്കുന്നു. സാധാരണ തൊഴില്‍ മുതല്‍ ഉയര്‍ന്ന തസ്തികകളില്‍ വരെ ജോലിചെയ്യുന്നവരുണ്ട്. ഓഫീസ് ജീവനക്കാര്‍ക്ക് നാലു മാസത്തേയും തൊഴിലാളികള്‍ക്ക് രണ്ടു മാസത്തേയും ശമ്പളം ലഭിക്കാനുണ്ട്. 18 മാസമായി ജീവനക്കാരുടെ ശമ്പളത്തില്‍നിന്നു 30 ശതമാനം വരെ കുറവുവരുത്തിയിട്ടുണ്ട്. 

കെട്ടിടനിര്‍മ്മാണമടക്കമുള്ള പ്രവൃത്തികളാണ് കമ്പനി ഏറ്റെടുത്ത് നടത്തിയിരുന്നത്. കൂടാതെ യു.എ.ഇ.യിലെ വിവിധ കമ്പനികള്‍ക്ക് ഉപകരാറുകളും നല്‍കിവരുന്നു. യു.എ.ഇ.യിലെ വന്‍കിട കമ്പനികളുടെ നിര്‍മ്മാണ പദ്ധതികള്‍ ഏറ്റെടുത്ത് മുന്‍കൂറായി പണം വാങ്ങിയതായും തൊഴിലാളികള്‍ പറയുന്നു. കമ്പനിയുടമയെ കൂടാതെ ഉയര്‍ന്ന തസ്തികയിലുള്ള ഉദ്യോഗസ്ഥരും സ്ഥലം വിട്ടതായാണ് തൊഴിലാളികളുടെ അന്വേഷണത്തില്‍ മനസിലായത്.

ബാങ്കുലോണും മറ്റു സാമ്പത്തിക ബാധ്യതകളുമുള്ള തൊഴിലാളികളുമുണ്ട്. ഉടമ തിരിച്ചുവരികയോ മറ്റാരെങ്കിലും കമ്പനി ഏറ്റെടുക്കുകയോ ചെയ്യുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികള്‍. പരാതി ലഭിച്ചതനുസരിച്ച് വ്യാഴാഴ്ച പോലീസ് ക്യാമ്പുകളിലെത്തി തൊഴിലാളികളില്‍നിന്നു വിവരങ്ങള്‍ ശേഖരിച്ചിരുന്നു.