ഷാർജ: ‘എല്ലാറ്റിനെയും ചിരിയോടെ നേരിടുക, വിജയം നമുക്കായി കാത്തുനിൽപ്പുണ്ടാവും’  ചിരിയുണർത്തിയ വാക്കുകളിലൂടെയായിരുന്നു ഇന്നസെന്റിന്റെ സന്ദേശം. ഒരുഘട്ടത്തിൽ ജീവിതംതന്നെ അവസാനിച്ചുവെന്ന് കരുതിയ ദിവസങ്ങളിൽ പതിയെ അതിനെ ചിരിച്ചുകൊണ്ട് നേരിട്ട കഥയായിരുന്നു  ഷാർജ  പുസ്തകമേളയിൽ  ബുധനാഴ്ച അതിഥിയായെത്തിയ നടനും എം.പി.യുമായ ഇന്നസെൻറ് സദസ്സിനുമുന്നിൽ വിവരിച്ചത്.  താൻ കടന്നുവന്ന വഴികൾ എന്നും നർമത്തോടെ മാത്രം ഓർമിക്കാറുള്ള നടൻ, കുടുംബം, മതം, ബിസിനസ്, സിനിമ, നിർമാണം, രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങൾ ഹാസ്യം കലർത്തി അവതരിപ്പിച്ചപ്പോൾ ബാൾറൂമിൽ നിറഞ്ഞുനിന്ന സദസ്സ് കൈയടികളോടെ  അതേറ്റുവാങ്ങി.
 
ചെറുപ്പത്തിൽ ക്ലാസ്സ് മുറികളിൽ നേരിട്ട തോൽവി, തൊഴിൽതേടി  അലഞ്ഞ് പരാജയപ്പെട്ട കഥകൾ എന്നിങ്ങനെ പരാജയത്തിന്റെ കഥകളായിരുന്നു ഇന്നസെന്റിന് ഏറെയും പറയാനുണ്ടായിരുന്നത്. 
പക്ഷേ, ശ്രമിക്കാനും പിൻവലിയാതെ മുന്നോട്ടുകുതിക്കാനുമുള്ള മനസ്സും എല്ലാവർക്കും വേണമെന്നായിരുന്നു ഇന്നസെന്റിന്റെ ഉപദേശം. ക്ലാസ്സിൽ തോൽക്കുന്നതിൽ കാര്യമില്ല ജീവിതത്തെ പോസിറ്റീവായി  നോക്കിക്കാണാനും കൂടുതൽ അനുഭവങ്ങൾ സ്വായത്തമാക്കാനും ഇതെല്ലാം നേട്ടമാകും. എന്നുവെച്ച് തോൽക്കണമെന്നല്ല, എന്നാൽ തോറ്റുപോയാൽ അതിൽ പരിതപിച്ച് ഇരിക്കേണ്ട കാര്യമൊന്നുമില്ല. നിങ്ങൾക്കുമുന്നിൽ വിശാലമായ ലോകമുണ്ട്. എത്രയോ ഉയരത്തിലെത്താൻ നിങ്ങൾക്കാവും. അതിന്റെ ഉദാഹരണം തന്നെയാണ് ഈ ഇരിക്കുന്ന ഇന്നസെന്റ് -കുട്ടികളോട് പ്രത്യേകമായിത്തന്നെ ഇന്നസെന്റ് പറഞ്ഞു. 
 
ചിരിക്കുപിന്നിൽ എന്നതായിരുന്നു ഇന്നസെൻറ് പങ്കെടുത്ത പരിപാടിയുടെ പേര്. എന്നാൽ, ക്ലബ്ബ് എഫ്.എം. വാർത്താ അവതാരകയായ  രശ്മി രഞ്ചനും ആർ.ജെ. നീനയും ഇടയിൽ ചില സമകാലീന വിഷയങ്ങളും ചോദ്യങ്ങളായി ഇന്നസെന്റിനുമുന്നിൽ ഉന്നയിച്ചു.  മതത്തിന്റെ പേരിൽ കേരളത്തെ ധ്രുവീകരിക്കാൻ ചില ബാഹ്യശക്തികൾ ശ്രമിക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന്, വിദ്യാഭ്യാസപരമായും സാംസ്കാരികമായും ഏറെ മുന്നിൽ നിൽക്കുന്ന മലയാള നാട്ടിൽ അതൊരിക്കലും നടക്കുന്ന കാര്യമല്ലെന്ന് ഇന്നസെൻറ് പറഞ്ഞു. ഒരു വ്യക്തിക്ക് കുറച്ചുപേരെ കുറച്ചുസമയത്തേക്ക്‌  തെറ്റിദ്ധരിപ്പിക്കാൻ സാധിച്ചേക്കാം. എന്നാൽ,  മലയാളികൾ എല്ലാവരെയും ഏറെക്കാലം ഇത്തരത്തിൽ പറ്റിക്കാൻ സാധിക്കില്ല. പല കാര്യങ്ങളെക്കുറിച്ചും തമിഴ് നടന്മാർ പ്രതികരിക്കാറുണ്ട്. എന്തുകൊണ്ട് മലയാളസിനിമയിലെ താരങ്ങൾ അത്തരത്തിൽ ഇടപെടുന്നില്ല എന്ന ചോദ്യത്തിനും ഇന്നസെന്റിന് മറുപടിയുണ്ടായിരുന്നു -തമിഴ് സിനിമയിൽ കാണുന്ന തരം ഗിമ്മിക്കുകളൊന്നും മലയാള സിനിമയിൽ നടക്കില്ല എന്നതുപോലെ തന്നെയാണ് പ്രതികരണത്തിന്റെയും കാര്യം.  കേരളത്തിൽ ഒരു സിനിമാ നടൻ ജനങ്ങളോട് എന്തെങ്കിലും കാര്യം പറഞ്ഞാൽ അത് ഞങ്ങൾ നോക്കിക്കോളാം എന്നായിരിക്കും മിക്കവരുടെയും  മറുപടി. സിനിമാ നടൻ, എഴുത്തുകാരൻ പിന്നെ, നർമഭാഷകൻ എന്നിവയുടെ ബലത്തിലാണ് താൻ എം.പി.സ്ഥാനത്തേക്ക്‌ വിജയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
 
മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ഇരിങ്ങാലക്കുടയ്ക്ക് ചുറ്റും, കാലന്റെ ഡൽഹി യാത്ര- അന്തിക്കാട് വഴി എന്നീ പുസ്തകങ്ങളുടെ പ്രകാശനവും ചടങ്ങിൽ നടന്നു. ഷാർജ സർക്കാരിന്റെ പബ്ലിക്കേഷൻ സിറ്റി കൺസൾട്ടന്റ് മൊഹമ്മദ് നൂർ പുസ്തകങ്ങൾ ഷാർജ ബുക്ക് അതോറിറ്റി എക്സ്‌ടേണൽ അഫയേഴ്സ് എക്സിക്യുട്ടീവ് മോഹൻകുമാറിന് നൽകിയായിരുന്നു പ്രകാശനം. ക്ലബ്ബ് എഫ്.എം ആർ.ജെ. പവിത്ര സ്വാഗതം പറഞ്ഞു.