ഷാര്‍ജ: ഷാര്‍ജയിലെ കോര്‍ണിഷില്‍ യുദ്ധ വിമാനങ്ങളും സൈനികവാഹനങ്ങളും കണ്ടാല്‍ പരിഭ്രാന്തരാകേണ്ട. ഇതൊരു പ്രകടനം മാത്രമാണ്. യു.എ.ഇ. സായുധസേനയാണ് അടുത്ത മാസം ഷാര്‍ജയില്‍ സൈനിക പരിശീലനത്തെ സംബന്ധിക്കുന്ന പ്രകടനം കാഴ്ച വെക്കുന്നത്. നവംബര്‍ മൂന്നിന് വൈകീട്ട് അല്‍ഖാന്‍ കോര്‍ണീഷിലായിരിക്കും പൊതുജനങ്ങള്‍ക്കായുള്ള പ്രകടനം.

പ്രകടനം കാണുമ്പോള്‍ ജനങ്ങള്‍ പരിഭ്രമിക്കുകയോ ആശങ്കപ്പെടുകയോ വേണ്ടെന്ന് സായുധസേന അറിയിച്ചു. ജനങ്ങള്‍ക്ക് നല്ല സന്ദേശം നല്‍കാനും അത്യാഹിതം സംഭവിക്കുമ്പോള്‍ ആവശ്യമായ സൈനികനീക്കം നടത്താനുമാണ് പരിശീലനപ്രകടനം സംഘടിപ്പിക്കുന്നത്. യു.എ.ഇ.യില്‍ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സായുധസേനയുടെ വലിയ പരിശീലന പ്രകടനമായിരിക്കും ഷാര്‍ജയില്‍ നടക്കുക.
 
പരിശീലനത്തില്‍ സായുധസേനയുടെ വൈദഗ്ധ്യവും ശത്രുക്കളുടെ ഭാഗത്തുനിന്നുള്ള വെല്ലുവിളികള്‍ നേരിടാനുള്ള കരുത്തും തന്ത്രപരമായ പ്രതിരോധവും നേരിട്ട് നോക്കിക്കാണാം. പൊതുജനങ്ങള്‍ക്ക് തത്സമയം പരിശീലനപ്രകടനം കാണാന്‍ സാധിക്കും. കൂടാതെ കോര്‍ണീഷില്‍ കൂറ്റന്‍ സ്‌ക്രീനും ഇതിനായി സ്ഥാപിക്കും.