ഷാര്‍ജ: ജി.എസ്.ടി. ഇന്ത്യയിലെ വാണിജ്യമേഖലയില്‍ വലിയ ആശയക്കുഴപ്പവും ആശങ്കയും സൃഷ്ടിക്കവേയാണ് പാവപ്പെട്ട പ്രവാസികള്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് വാങ്ങിയ സാധനങ്ങള്‍ വിവിധ കാര്‍ഗോ കമ്പനികളില്‍ കെട്ടിക്കിടക്കുന്നത്. ഗള്‍ഫില്‍നിന്ന് നികുതിയില്ലാതെ 'ഡോര്‍ ടു ഡോര്‍ ഡെലിവറി' എന്നപേരില്‍ നാട്ടിലേക്കയച്ച സാധനങ്ങളാണ് എങ്ങുമെത്താതെ ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്നത്. ജി.എസ്.ടി. നിലവില്‍വന്നതോടെ നാട്ടിലേക്കയക്കുന്ന കാര്‍ഗോയ്ക്ക് കേന്ദ്രം അധികനികുതിയും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി.
 
'ഡോര്‍ ടു ഡോര്‍ ഡെലിവറി'യിലൂടെ 20,000 രൂപവരെ മൂല്യമുള്ള സാധനങ്ങള്‍ നികുതിയില്ലാതെ നാട്ടിലേക്കയക്കാനുള്ള സൗകര്യമാണ് ഇതുവരെ ഉണ്ടായിരുന്നത്. എന്നാല്‍, പുതിയ നികുതിസമ്പ്രദായം നിലവില്‍വന്നതോടെ 2000 രൂപ മൂല്യമുള്ള സാധനങ്ങള്‍ക്ക് 41 ശതമാനവും 2000 രൂപയ്ക്ക് മുകളില്‍ 74 ശതമാനവും നികുതി ഏര്‍പ്പെടുത്തി. ഇതോടെ കാര്‍ഗോകമ്പനികളും സാധനങ്ങള്‍ അയച്ച സാധാരണക്കാരും പ്രതിസന്ധിയിലായിരിക്കുകയാണ് . ഫലത്തില്‍ ഗള്‍ഫില്‍നിന്ന് പ്രതിദിനം ഇന്ത്യയിലെത്തുന്ന 500 ടണ്‍ സാധനങ്ങളാണ് എയര്‍പോര്‍ട്ടുകളിലും ഗോഡൗണുകളിലുമായി കെട്ടിക്കിടക്കുന്നത്.

യു.എ.ഇ.യില്‍ സ്‌കൂള്‍ അടച്ചതോടെ ആയിരക്കണക്കിന് കുടുംബങ്ങളാണ് നാട്ടിലേക്ക് പോയ്‌ക്കൊണ്ടിരിക്കുന്നത്. ഇവരില്‍ ഭൂരിഭാഗവും മലയാളികളാണ്. നാട്ടിലേക്ക് കാര്‍ഗോയില്‍ സാധനങ്ങള്‍ അയക്കുന്നവരും കൂടുതല്‍ മലയാളികളാണ്. കുടുംബങ്ങളെ കൂടാതെ ചെറിയവരുമാനത്തില്‍ ജോലിചെയ്യുന്ന തൊഴിലാളികളും ഇത്തരത്തില്‍ നാട്ടിലേക്ക് സാധനങ്ങള്‍ അയച്ചിട്ടുണ്ട്. അടുക്കളസാധനങ്ങള്‍, ഗൃഹോപകരണങ്ങള്‍, ഭക്ഷണസാധനങ്ങള്‍, ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങള്‍, തുണി എന്നിവയെല്ലാം കാര്‍ഗോയില്‍ അയച്ച് കാത്തിരിക്കുന്നവരാണ് ഭൂരിഭാഗവും.
 
നാട്ടിലേക്കുപോകുമ്പോള്‍ കൊണ്ടുപോകാവുന്ന ബാഗേജുകള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെയാണ് ആളുകള്‍ 'ഡോര്‍ ടു ഡോര്‍ ഡെലിവറി'യെ കൂടുതലും ആശ്രയിച്ചുതുടങ്ങിയത്. നാട്ടില്‍ ഉപയോഗിക്കേണ്ട അത്യാവശ്യസാധനങ്ങള്‍വരെ കാര്‍ഗോയില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് പലരും പറഞ്ഞു. ജി.എസ്.ടി. നിലവില്‍വരുന്നതിനും മുന്‍പേ നാട്ടിലേക്ക് അയച്ച സാധനങ്ങള്‍ക്ക് അധികനികുതി ഈടാക്കില്ലെന്ന് പറയുന്നുണ്ടെങ്കിലും അതിനും വ്യക്തതയില്ല.