ഷാർജ: ഒരുനേരത്തെ ഭക്ഷണത്തിനാണ് ഇപ്പോൾ ഉമയും മക്കളും കാത്തിരിക്കുന്നത്.  വെള്ളിയാഴ്ച അജ്മാനിലുള്ള ഒരു കുടുംബം ഒരുനേരത്തെ ഭക്ഷണമെത്തിച്ചപ്പോൾ ഉമ വിതുമ്പിക്കൊണ്ട് പറഞ്ഞു -‘നിങ്ങൾക്കിതിന് ദൈവം പുണ്യം തരാതിരിക്കില്ല...’ എവിടെയോ ആരോ വിശപ്പിന്റെ വിളി കേൾക്കുമെന്ന പ്രതീക്ഷയിലാണ് ഓരോദിവസവും ഈ തമിഴ് കുടുംബം നേരംപുലർത്തുന്നത്. കുട്ടികളാകട്ടെ കഷ്ടപ്പാടുകളും പട്ടിണിയും കൂട്ടുകാരറിയുമോ എന്നവേവലാതിയും അമ്മയോട് ഇടയ്ക്കിടെ പങ്കുവെക്കുന്നു. ഷാർജ റോളയിലെ ഒരു കുടുസ്സുമുറിയിൽ പട്ടിണിയും കണ്ണീരുമായി കഴിയുകയാണ് ഉമയും മൂന്നുമക്കളും. സാമ്പത്തികബാധ്യതയും നിയമക്കുരുക്കും ഒരുഭാഗത്ത്. രണ്ടുവർഷമായി കുട്ടികൾ സ്കൂളിൽ പോകുന്നില്ല. ഭർത്താവാകട്ടെ ഷാർജ ജയിലിലും. സങ്കടക്കടലിൽ ദിക്കറിയാതെ തുഴയുകയാണ് ഉമാവതി. 
 
തമിഴ്‌നാട് വേലൂർ സ്വദേശിനി ഉമാവതി ശെൽവരാജ് 15 വർഷമായി ഷാർജയിലുണ്ട്. ഭർത്താവ് മുരുകേശ് ദുരൈസ്വാമി 24 വർഷവുമായി. അല്ലലില്ലാതെ പോയ ഇരുവരുടേയും ജീവിതം കടബാധ്യത തകിടംമറിച്ചു. റോളയിൽ ഇരുവരും ചേർന്ന് തയ്യൽക്കട നടത്തുകയായിരുന്നു. ഒരുകമ്പനിയിൽ തുന്നൽജോലിചെയ്ത മുരുകേശ്  2007 മുതലാണ് സ്വന്തമായി തയ്യൽക്കട തുടങ്ങിയത്. ആദ്യം നന്നായി കട നടത്താൻ സാധിച്ചെങ്കിലും പിന്നീട് ബിസിനസ് കുറഞ്ഞു. കാര്യങ്ങൾ ഉദ്ദേശിച്ചപോലെ മുന്നോട്ട് കൊണ്ടുപോയില്ല. ക്രെഡിറ്റ് കാർഡും ബാങ്ക് വായ്പയും സമയത്തിന് അടക്കാൻ സാധിക്കാതെ പലിശയും കൂട്ടുപലിശയുമായി പെരുകിക്കൊണ്ടിരുന്നു. കടയുടെ വാടക കൊടുക്കാൻ സാധിക്കാതെ പൂട്ടേണ്ടിയും വന്നു.  ഉടമ വാടകക്കുടിശ്ശികയ്ക്കായി മുരുകേശിനും ഉമയ്ക്കുമെതിരേ ഷാർജ നഗരസഭയിൽ പരാതി നൽകുകയും ചെയ്തു. പലരുടേയും സഹായത്തിലും ഇരുവരും മിച്ചംപിടിച്ചതുമായ തുകകൊണ്ട് 1,70,000 ദിർഹം ബാങ്ക് വായ്പ അടച്ചുതീർത്തു. എങ്കിലും ക്രെഡിറ്റ് കാർഡ് ബാധ്യതയും വാടകക്കുടിശ്ശികയും അടയ്ക്കാൻ സാധിക്കാതെ പ്രതിസന്ധി കൂടിവന്നു. വീട്ടുവാടക കൊടുക്കാനും പ്രയാസം നേരിടുന്നതിനിടയിലാണ് മുരുകേശ് ഷാർജയിൽ ജയിലിലാകുന്നത്. ഒരുമാസമായി  മുരുകേശൻ ജയിലിലാണ്. 10 ദിവസത്തോളം ഉമയും ജയിലിലായെങ്കിലും പിന്നീട് വിട്ടയച്ചു. 
 
15 വർഷമായി മുരുകേശും ഏഴുവർഷമായി ഉമയും നാട്ടിൽ പോയിട്ടില്ല. അച്ഛൻ മരിച്ചതറിഞ്ഞിട്ടും ഉമയ്ക്ക് പോകാൻ സാധിച്ചില്ല. ഇപ്പോൾ അമ്മ ഗുരുതരാവസ്ഥയിൽ ബെംഗളൂരു ആസ്പത്രിയിൽ കഴിയുന്നു. അമ്മയെ ഒരുനോക്കുകാണാൻ ആഗ്രഹമുണ്ടെങ്കിലും പോകാൻ സാധിക്കുന്നില്ല. മക്കളായ അഭിഷേകും വിമലും വൃന്ദയും രണ്ടുവർഷമായി സ്കൂൾ കണ്ടിട്ടില്ല. അഭിഷേക് ആറിലും വിമൽ അഞ്ചിലും വൃന്ദ മൂന്നിലും ക്ളാസുകളിൽ പഠിപ്പ് നിർത്തി. ഷാർജ ഗൾഫ് ഏഷ്യൻ സ്കൂളിൽ നന്നായി പഠിക്കുന്ന കുട്ടികളായിരുന്നു മൂവരും.  മൂന്നുമക്കളുടേയും പാസ്പോർട്ടും വിസയുടേയും കാലാവധി കഴിഞ്ഞ് വർഷങ്ങളായി. 2012 മുതൽ ഉമയ്ക്കും വിസയില്ല. ഒരുനേരത്തെ ആഹാരം അടുത്ത താമസക്കാരാണ് നൽകുന്നത്. ഏകത, ഇന്ത്യൻ പീപ്പിൾ ഫോറം തുടങ്ങിയ സംഘടനാപ്രവർത്തകർ ഇടയ്ക്ക്  ഭക്ഷണമെത്തിക്കുന്നുണ്ട്. 
 
ക്രെഡിറ്റ് കാർഡ് ബാധ്യത മാത്രം 20,000  ദിർഹമുണ്ട്. കടയുടെ വാടകക്കുടിശ്ശിക വേറെയും. സാമ്പത്തികബാധ്യത തീർത്താലേ ഈ കുടുംബത്തിന് നാട്ടിൽ പോകാനോ കുട്ടികൾക്ക് വിദ്യാഭ്യാസം നേടാനോ സാധിക്കുകയുള്ളൂ. അടുത്തിടെ റിച്ചാർഡ് ഹേ എം.പി. അടക്കം ഈ കുടുംബത്തെ സന്ദർശിച്ചെങ്കിലും പരിഹാരമൊന്നുമായില്ല.  കോൺസുലേറ്റിൽനിന്നും അനുകൂലമായ നടപടികളുണ്ടായില്ലെന്ന് ഉമ പറയുന്നു. ബാധ്യത തീർത്ത് ഭർത്താവിനൊപ്പം നാട്ടിലേക്ക് പോയാൽമതി. അവിടെയെത്തി എന്തെങ്കിലും ജോലിചെയ്തു ജീവിച്ചോളാമെന്നേ ഉമയ്ക്ക് പറയാനുള്ളൂ. ആരെങ്കിലും വിളികേൾക്കാതിരിക്കില്ലെന്ന പ്രതീക്ഷയിലാണ് കുടുംബം. ഫോൺ: 055 9224485.