ഷാര്‍ജ: റീട്ടെയില്‍ വ്യാപാരശൃംഖലയായ ലുലുഗ്രൂപ്പ് ഒരു മാസത്തിനിടയില്‍ ഷാര്‍ജയില്‍ മറ്റൊരു ഹൈപ്പര്‍മാര്‍ക്കറ്റുകൂടി തുറന്നു. ലുലുവിന്റെ 140-ാമത് ഹൈപ്പര്‍ മാര്‍ക്കറ്റാണിത്.

ഷാര്‍ജ അല്‍ ഹസ്‌നയില്‍ ബുധനാഴ്ച കാലത്ത് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയുടെ സാന്നിധ്യത്തില്‍ ഷാര്‍ജ ഉപ ഭരണാധികാരിയും ഷാര്‍ജ എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാനുമായ ശൈഖ് അബ്ദുള്ള ബിന്‍ സാലെം ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമിയാണ് പുതിയസംരംഭം ഉദ്ഘാടനം ചെയ്തത്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ സി.ഇ.ഒ. സെയ്ഫി രൂപാവാല, എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എം.എ. അഷ്‌റഫ് അലി, ഡയറക്ടര്‍ എം.എ. സലിം തുടങ്ങിയവര്‍ സംബന്ധിച്ചു.

ഒരു മാസത്തിനകം ലുലു തുടങ്ങുന്ന ആറ് പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ ഒന്നാണിതെന്ന് ഉദ്ഘാടനത്തിനുശേഷം ചെയര്‍മാന്‍ എം.എ. യൂസഫലി പറഞ്ഞു. ഷാര്‍ജയില്‍ത്തന്നെ ആറ് മാസത്തിനകം മൂന്ന് ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍കൂടി തുറക്കും.

2018 അവസാനത്തോടെ 24 പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റുകളാണ് വിവിധനഗരങ്ങളിലായി ലുലു ആരംഭിക്കുന്നത്. ഇതിലൂടെ 5,000 മലയാളികള്‍ക്ക് പുതുതായി ജോലിനല്‍കാന്‍ സാധിക്കുമെന്നും എം.എ. യൂസഫലി പറഞ്ഞു. എണ്ണവില ഉയരുന്ന സാഹചര്യത്തില്‍ ഗള്‍ഫിലെ സാമ്പത്തികമേഖല പുതിയ ഊര്‍ജത്തോടെ മുന്നേറിക്കൊണ്ടിരിക്കുകയാണ്. വന്‍ മുതല്‍മുടക്കുള്ള വലിയപദ്ധതികള്‍ നടപ്പാക്കുകയാണ്. ഐ.ടി., ടൂറിസം അനുബന്ധ മേഖലകളില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ വരും നാളുകളില്‍ ഇതിലൂടെ ലഭ്യമാകുമെന്നും യൂസഫലി പറഞ്ഞു.

1,60,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലുള്ള പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് ഖാലിദ് ബിന്‍ മൊഹമ്മദ് സ്റ്റേഡിയത്തിനും അല്‍ ഷാബ് വില്ലേജിനും അടുത്താണ് പണിതിരിക്കുന്നത്. ഗ്രോസറി, സുപ്പര്‍ മാര്‍ക്കറ്റുകള്‍ താഴത്തെ നിലയിലും ഗൃഹോപകരണങ്ങള്‍, ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങള്‍ എന്നിവ ഒന്നാംനിലയിലുമാണ് സജ്ജീകരിച്ചിരിക്കുന്നത്.