ഷാര്‍ജ: അപകടത്തില്‍പ്പെട്ട് ശരീരത്തില്‍ തീപടര്‍ന്ന ഇന്ത്യക്കാരനെ ഇമാറാത്തി യുവതി രക്ഷിച്ചു. റാസല്‍ഖൈമയില്‍ ട്രക്കുകള്‍ കൂട്ടിയിടിച്ച് തീപ്പിടിച്ചാണ് പഞ്ചാബി സ്വദേശിയായ ഡ്രൈവര്‍ ഹര്‍ക്രീത് സിങ്ങിന് പൊള്ളലേറ്റത്.
 
ശരീരത്തില്‍ പടര്‍ന്നുപിടിച്ച തീയുമായി പ്രാണരക്ഷാര്‍ഥം ഓടുകയായിരുന്ന ഹര്‍ക്രീതിനെ ഇമറാത്തി യുവതിയായ ജവഹര്‍ സെയ്ഫ് അല്‍ ഖുമൈത്തിയാണ് രക്ഷിച്ചത്. വഴിയാത്രക്കാര്‍ നോക്കിനില്‍ക്കെ കാറില്‍നിന്നിറങ്ങി സുഹൃത്തിന്റെ പര്‍ദ (അബായ) ഉപയോഗിച്ച് ഹര്‍ക്രീതിനെ പുതപ്പിച്ച് തീയണയ്ക്കുകയായിരുന്നു. തുടര്‍ന്ന് റാസല്‍ഖൈമ പോലീസും ജീവന്‍രക്ഷാ സംഘവുമെത്തി ഹര്‍ക്രീത് സിങിനെ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു.
 
നിരവധി തൊഴിലാളികള്‍ സംഭവം നോക്കിനില്‍ക്കുന്നുണ്ടായിരുന്നുവെന്നും എന്നാല്‍ ആരുംതന്നെ തീപ്പൊള്ളലേറ്റ ഡ്രൈവറെ രക്ഷിക്കാന്‍ ശ്രമിച്ചില്ലെന്നും ജവഹര്‍ സെയ്ഫ് അല്‍ ഖുമൈത്തി പിന്നീട് പോലീസിനോട് പറഞ്ഞു.
 
ഈ സംഭവം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചെങ്കിലും ആദ്യം ഇവരെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞില്ല. എന്നാല്‍ കണ്ടെത്തിയ ഉടനെ ദൈവത്തിന്റെ കൈ എന്നാണ് ഇവരെ പോലീസ് വിശേഷിപ്പിച്ചത്.
 
അവര്‍ക്ക് അംഗീകാരം നല്‍കാന്‍ തയ്യാറെടുക്കുകയാണ് റാസല്‍ഖൈമ പോലീസ്. അപകടത്തില്‍പ്പെട്ട രണ്ട് ട്രക്കുകളിലെ ഡ്രൈവര്‍മാരും റാസല്‍ഖൈമ സഖര്‍ ആസ്​പത്രിയില്‍ ചികിത്സയിലാണ്.