ഷാര്‍ജ: ഷാര്‍ജ പോലീസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫോറന്‍സിക്ക് ലബോറട്ടറി ആധുനിക സാങ്കേതികനിലവാരത്തില്‍ മുന്‍പന്തിയിലാണെന്ന് വിലയിരുത്തല്‍. കൊലപാതകമുള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ കൃത്യതയോടെ തെളിവുകള്‍ ശേഖരിക്കുന്നതിന് ഷാര്‍ജയിലെ ഫൊറന്‍സിക് ലബോറട്ടറി വലിയ സംഭാവന നല്‍കിയിട്ടുണ്ടെന്ന് ഷാര്‍ജ ഫൊറന്‍സിക്ക് ലബോറട്ടറി ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഡോ. അബ്ദുല്ല അല്‍ ഖാദര്‍ അല്‍ അംറി അറിയിച്ചു.
 
ലബോറട്ടറിയില്‍ നടത്തിയ പല ഡി.എന്‍.എ. പരിശോധനകളും പിന്തുടര്‍ച്ചാവകാശമടക്കമുള്ള പ്രമാദമായ തര്‍ക്കങ്ങള്‍ക്ക് പരിഹാരംകാണാന്‍ സഹായകമായിട്ടുണ്ട്. അതിന്റെ ഭാഗമായി അന്താരാഷ്ട്രതലത്തില്‍ തന്നെ ലബോറട്ടറി രംഗത്ത് ഷാര്‍ജ ഫൊറന്‍സിക്ക് വിഭാഗത്തിന്റെ ഉപദേശങ്ങള്‍ വിദഗ്ധര്‍ സ്വീകരിക്കുന്നുണ്ടെന്നും അല്‍ അംറി പറഞ്ഞു. 150 വര്‍ഷം മുതല്‍ 400 വര്‍ഷം വരെ പഴക്കമുള്ള മൃതദേഹങ്ങളില്‍നിന്നുപോലും വിദഗ്ധ പരിശോധനയിലൂടെ തെളിവുകള്‍ ശേഖരിക്കാന്‍ ഷാര്‍ജ ഫൊറന്‍സിക് ലബോറട്ടറിക്ക് സാധിച്ചിട്ടുണ്ട്.

അടുത്തിടെ ഷാര്‍ജയിലെ തൊഴില്‍സ്ഥാപനത്തില്‍വെച്ച് മൂന്നുപേര്‍ അക്രമിച്ചെന്ന് തൊഴിലാളി ഷാര്‍ജ പോലീസില്‍ പരാതി നല്‍കി. പരാതിയോടൊപ്പം ശരീരത്തില്‍ പറ്റിപ്പിടിച്ച രക്തത്തുള്ളികളും തൊഴിലാളി പോലീസിനെ തെളിവായി കാണിക്കുകയുണ്ടായി.
 
പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ പോലീസ് തൊഴിലാളിയുടെ ശരീരത്തില്‍ കണ്ടെത്തിയത് ആട്ടിന്‍ചോരയാണെന്ന് മനസ്സിലാക്കി. സ്ഥാപനത്തിന്റെ ഉടമയോടുള്ള അമര്‍ഷമാണ് ഇങ്ങനെ ഒരു നാടകീയ രംഗം സൃഷ്ടിച്ചതെന്ന് പിന്നീട് തൊഴിലാളി പോലീസിനോട് സമ്മതിച്ചു. ഷാര്‍ജ ഫൊറന്‍സിക് ലബോറട്ടറിയുടെ കൃത്യമായ ഇടപെടലാണ് തൊഴിലാളിയുടെ ശരീരത്തില്‍ കണ്ടെത്തിയ രക്തം തിരിച്ചറിയാന്‍ സാധിച്ചതെന്ന് ഷാര്‍ജ പോലീസ് ചൂണ്ടിക്കാട്ടി.