പ്രശസ്ത സംഗീത സംവിധായകന്‍ ബിജിബാലിന്റെ ഭാര്യ ശാന്തി ബിജിബാല്‍ അബുദാബി മലയാളികളുടെ പ്രിയപ്പെട്ട കലാകാരിയായിരുന്നു. ചൊവ്വാഴ്ച അവരുടെ മരണവിവരം ഞെട്ടലോടെയാണ് എല്ലാവരും കേട്ടത്.

അബുദാബിയില്‍ ജനിച്ചുവളര്‍ന്ന് അബുദാബിയുടെ കലാരംഗത്ത് പിച്ചവെച്ച് മുഖ്യധാരയിലെത്തിയ ശാന്തി അബുദാബി ശക്തി തിയറ്റേഴ്‌സ് ബാലസംഘത്തിന്റെയും കേരള സോഷ്യല്‍ സെന്റര്‍ ബാലവേദിയുടെയും സജീവപ്രവര്‍ത്തകയായിരുന്നു. ഇരു സംഘടനകളുടെയും ഭാരവാഹിത്വവും ശാന്തി വഹിച്ചിട്ടുണ്ട്. അബുദാബി ശക്തി അവാര്‍ഡിന്റെ ധനസമാഹരണത്തിനുവേണ്ടി ശക്തി അവതരിപ്പിച്ച 'ശാകുന്തളം' ബാലെയില്‍ പ്രിയംവദയ്ക്ക് ജീവന്‍ പകര്‍ന്ന ശാന്തി നിരവധി തവണ നൃത്തരംഗത്തും പ്രത്യക്ഷപ്പെടുകയുണ്ടായി. ആ ബാലെ സംവിധാനം ചെയ്തത് പിന്നണി ഗായിക ജ്യോത്സനയുടെ അമ്മ ഗിരിജാ രാധാകൃഷ്ണനായിരുന്നു. അന്ന് ചെറിയ കുട്ടിയായിരുന്ന ജ്യോത്സന 'ശാകുന്തള' ത്തില്‍ പാടുകയും ചെയ്തു.

ഇടശ്ശേരിയുടെ പ്രസിദ്ധ കവിതയായ 'പൂതപ്പാട്ടി'ല്‍ പൂതം തട്ടിക്കൊണ്ടുപോയ കുഞ്ഞിന്റെ അമ്മയായി വേഷമിട്ടതിലൂടെ ശാന്തി കുട്ടികളുടെ നാടകങ്ങളില്‍ സ്ഥിരസാന്നിധ്യമായിരുന്നു. കവിതാ പാരായണത്തിലും ശാസ്ത്രീയസംഗീതത്തിലും ശാസ്ത്രീയനൃത്തത്തിലും മറ്റിതര കലാപ്രകടനങ്ങളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ശാന്തി അബുദാബി കേരള സോഷ്യല്‍ സെന്ററിന്റെയും അബുദാബി മലയാളി സമാജത്തിന്റെയും ദുബായ് ദലയുടേയും കലോത്സവങ്ങളില്‍ നിരവധി തവണ കലാതിലകമായി.

കലയിലെന്നപോലെ സാഹിത്യത്തിലും സജീവ തത്പരയായിരുന്നു ശാന്തി മോഹന്‍ദാസ്. മാതൃഭൂമി ആഴ്ചപ്പതിപ്പ് വിദ്യാര്‍ഥികള്‍ക്കായി 1993-ല്‍ സംഘടിപ്പിച്ച ചെറുകഥാമത്സരത്തില്‍ ശാന്തി എഴുതിയ 'സുന്ദരി' എന്ന കഥയ്ക്കായിരുന്നു ഒന്നാം സമ്മാനം.

അബുദാബിയില്‍ കുടുംബത്തോടൊപ്പം കഴിയവെ ഹൃദയസ്തംഭനംമൂലം അച്ഛന്‍ മോഹന്‍ദാസ് മരണപ്പെട്ടതിനെത്തുടര്‍ന്ന് നാട്ടില്‍ സ്ഥിര താമസമാക്കുകയായിരുന്നു. പ്രശസ്ത സംഗീത സംവിധായകന്‍ ബിജിബാലുമായി 2002-ല്‍ ആയിരുന്നു വിവാഹം. ഒട്ടനവധി ആല്‍ബങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള ബിജിബാലിന്റെ പല ആല്‍ബങ്ങളിലും ശാന്തിയായിരുന്നു പ്രധാന കഥാപാത്രം. ശാന്തിയെ മുഖ്യ കഥാപാത്രമാക്കി സംവിധാനം ചെയ്ത 'സകല ദേവ നുതെ', എന്ന ആല്‍ബവും കയ്യൂരുള്ളൊരു സമര സഖാവിന്....... എന്നു തുടങ്ങുന്ന 'സമര സഖാവിന്' എന്ന ആല്‍ബവും ഏറെ ജനശ്രദ്ധ പിടിച്ചു പറ്റുകയുണ്ടായി. ഇളയമകള്‍ ദയ ഒരു ചിത്രത്തില്‍ പാടിയിട്ടുണ്ട്. ദേവദത്താണ് മൂത്തമകന്‍.തയ്യാറാക്കിയത്: സഫറുള്ള പാലപ്പെട്ടി