റിയാദ്: സൗദി അറേബ്യയില്‍ വിദേശ തൊഴിലാളികള്‍ക്ക് ലെവി ഏര്‍പ്പെടുത്തിയതിനുശേഷം നാല് ലക്ഷംപേര്‍ രാജ്യം വിട്ടതായി തൊഴില്‍സാമൂഹിക വികസനകാര്യ മന്ത്രാലയം അറിയിച്ചു. പുതിയ ലെവി പ്രാബല്യത്തില്‍ വന്നതോടെ തൊഴിലില്ലായ്മാ നിരക്ക് കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

നിലവില്‍ സൗദിയിലെ സ്വദേശിപുരുഷന്മാരുടെ തൊഴിലില്ലായ്മ നിരക്ക് 12.8 ശതമാനമാണ്. ഇത് ഏഴ് ശതമാനമായി കുറയ്ക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി ദേശീയ പരിവര്‍ത്തന പദ്ധതി, വിഷന്‍-2030 എന്നിവയില്‍ ഉള്‍പ്പെടുത്തി ഒട്ടേറെ പരിപാടികളാണ് സ്വകാര്യ മേഖലയില്‍ നടപ്പാക്കുന്നത്. മൊബൈല്‍ ഫോണ്‍ കടകള്‍, ജൂവലറികള്‍ എന്നിവിടങ്ങളിലെ സമ്പൂര്‍ണ സ്വദേശിവത്കരണം വിജയമാണ്. 12 മേഖലകളിലുള്ള ചെറുകിട വ്യാപാര സ്ഥാപനങ്ങളില്‍ അടുത്ത വര്‍ഷം ജനുവരിയോടെ സ്വദേശിവത്കരണം നടപ്പാക്കും.

സാമൂഹിക സുരക്ഷാ പദ്ധതി ഗുണഭോക്താക്കളായ കുടുംബങ്ങള്‍ക്ക് ഹൗസ് ഡ്രൈവര്‍, വീട്ടുജോലിക്കാരി, ഹോം നഴ്‌സ് എന്നിവരെ വിദേശങ്ങളില്‍നിന്ന് റിക്രൂട്ട് ചെയ്യുന്നതിന് വിസ അനുവദിക്കുമെന്നും തൊഴില്‍സാമൂഹിക വികസനകാര്യ മന്ത്രാലയം വ്യക്തമാക്കി.