റാസല്‍ഖൈമ: വേനല്‍ച്ചൂടില്‍ വെന്തുരുകുമ്പോഴും വടക്കന്‍ എമിറേറ്റായ റാസല്‍ഖൈമയില്‍ കുളിരുപകരുന്ന ഒരിടമുണ്ട്. റാസല്‍ഖൈമയുടെ കിഴക്കന്‍ ഗ്രാമമായ ഷൗക്കയില്‍നിന്ന് ഏഴു കി.മീറ്റര്‍ ഉള്ളിലേക്ക് മാറിയാണീ സ്ഥലം.

അവിശ്വസനീയമായ കാഴ്ചകള്‍ ഒളിഞ്ഞിരിക്കുന്ന ഒരു കുഞ്ഞുതടാകം, അതിലേക്കു കൈവഴിയായി ഒഴുകുന്ന തോടുകള്‍. സ്വദേശികള്‍ മാത്രമെത്തുന്ന ഇവിടം ഒറ്റനോട്ടത്തില്‍ കേരളത്തെ ഓര്‍മപ്പെടുത്തും. അമ്പതു ഡിഗ്രിക്കുമേല്‍ ചൂട് അനുഭവപ്പെടുന്ന ഈ വേനലില്‍ ഇടവിട്ടുപെയ്യുന്ന മഴ ഇവിടത്തെ വേറിട്ട കാഴ്ചയാണ്.

മഴവെള്ളം ഒഴുകിവന്ന് രൂപപ്പെട്ട പ്രകൃതിജന്യമായ തടാകം. അതില്‍ നീന്തുന്ന താറാവിന്‍ കൂട്ടങ്ങള്‍. കുളിര്‍ജലത്തില്‍ വിഹരിക്കുന്ന ചെറുപക്ഷികള്‍, പ്രാണികള്‍ മറ്റു ജീവജാലങ്ങള്‍ എല്ലാം ഈ മരുഭൂമിയിലെ ചുടുകാറ്റിനിടയില്‍ ആണെന്നതാണ് കൗതുകം. നാലുഭാഗവും മലകളാല്‍ അതിര്‍ത്തിയിട്ട ഒരു താഴ്വാരത്തിനിടയില്‍ മഴവെള്ളം കൊണ്ടു രൂപപ്പെട്ട തടാകം ആ പ്രദേശത്തെയും അവിടെയെത്തുന്നവരെയും ഒരുപോലെ ആഹ്ലാദിപ്പിക്കുന്നു.

കാല്‍നടക്കാരായ അപൂര്‍വം യാത്രക്കാരും, വാഹനങ്ങളില്‍ എത്തുന്ന ചുരുക്കം സ്വദേശികളും മാത്രമാണ് ഇവിടത്തെ സന്ദര്‍ശകര്‍.

ഒരുസമയം ഒരേദിശയിലേക്കു മാത്രം വാഹനമോടിച്ചു പോകാവുന്ന ചെറിയ റോഡിലൂടെ വേണം ഇവിടെയെത്താന്‍. റാസല്‍ഖൈമയുടെ ഭൂപടത്തില്‍ ഈ മനോഹരഗ്രാമവും അടയാളപ്പെടുത്തപ്പെടും എന്നതില്‍ സംശയമില്ല.