ദുബായ്: ഖത്തറിനെതിരെയുള്ള ഉപരോധം പിന്‍വലിക്കാന്‍ സൗദിഅറേബ്യയുടെ നേതൃത്വത്തിലുള്ള നാലുരാജ്യങ്ങള്‍ നല്‍കിയ അന്ത്യശാസന സമയപരിധി അവസാനിക്കുന്നതിനാല്‍ ഇതുസംബന്ധിച്ച തീരുമാനം ഇന്നുണ്ടാകുമെന്നാണ് കരുതുന്നത്. പ്രശ്‌നപരിഹാരത്തിനായി ശ്രമിക്കുന്ന കുവൈത്ത് അമീറിന് ഖത്തര്‍ മറുപടി നല്‍കിയിട്ടുണ്ട് .
 
പ്രതിസന്ധി പരിഹരിക്കാന്‍ മധ്യസ്ഥശ്രമങ്ങള്‍ നടത്തുന്ന കുവൈത്ത് അമീര്‍ വഴി ഖത്തറിന്റെ ഔദ്യോഗിക പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്ന് യു.എ.ഇ. വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുള്ള ബിന്‍ സായിദ് അല്‍ നഹ്യാന്‍ പറഞ്ഞു.

കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചു ഖത്തറിന്റെ മറുപടി അറിഞ്ഞതിനു ശേഷമേ തീരുമാനമെടുക്കുകയുള്ളുവെന്നും അബുദാബിയില്‍ നടന്ന പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ഭീകരാക്രമണത്തിനെതിരായ പോരാട്ടത്തില്‍ ഒരുമിച്ച് മുന്നേറാന്‍ നയതന്ത്ര നിലപാട് അവസരമൊരുക്കുകയാണെന്നു യു.എ.ഇ.യോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു അബുദാബി സന്ദര്‍ശിക്കുന്ന ജര്‍മന്‍ വിദേശകാര്യ മന്ത്രി സിഗ്മാര്‍ ഗബ്രിയേല്‍ പറഞ്ഞു.

അതേസമയം, ഖത്തറിന്റെ മറുപടി അനുകൂലമാകുമെന്നും പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സാധിക്കുമെന്നും സൗദി വിദേശകാര്യ മന്ത്രി അദെല്‍ അല്‍ ജുബൈര്‍ പ്രത്യാശ പ്രകടിപ്പിച്ചു. തീവ്രവാദി പ്രസ്ഥാനങ്ങള്‍ക്ക് സഹായവും പ്രോത്സാഹനവും നല്‍കുന്നു എന്നാരോപിച്ചാണ് ഖത്തറിനെതിരെ സൗദിയും സഖ്യരാജ്യങ്ങളും ഉപരോധം പ്രഖ്യാപിച്ചത്. തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്കുള്ള സഹായധനം നിര്‍ത്തലാക്കുക, അല്‍ ജസീറ ചാനല്‍ അടച്ചു പൂട്ടുക തുടങ്ങിയവയാണ് ഇവര്‍ മുന്നോട്ടു വെച്ചിരിക്കുന്ന പ്രധാന വ്യവസ്ഥകള്‍.