മഹാമാരിയുടെ ഈ കഠിന കാലത്തും പ്രവാസികളുടെ വിശ്വാസം നിലനിര്‍ത്തുകയാണ് സംസ്ഥാന സര്‍ക്കാരിനു വേണ്ടി 'കേരള പ്രവാസി ക്ഷേമ ബോര്‍ഡ്' നടപ്പാക്കുന്ന 'പ്രവാസി ഡിവിഡന്റ് പദ്ധതി'. നിക്ഷേപകരില്‍ നിന്നായി പദ്ധതി വഴി സമാഹരിച്ച തുക 100 കോടി കടന്നു. ഏഷ്യ, യൂറോപ്പ്, വടക്കേ അമേരിക്ക, ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങളിലെ 20 രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ പദ്ധതിയില്‍ പണം നിക്ഷേപിച്ചു കഴിഞ്ഞു. ഇതു വരെ പദ്ധതിയില്‍ അംഗങ്ങളായ 877 പേരില്‍ 352 പേര്‍ നാട്ടിലേക്ക് മടങ്ങിയെത്തിയ പ്രവാസികളാണ്. കോവിഡ് 19 മഹാമാരി സൃഷ്ടിച്ച കഠിന കാലത്തും പ്രവാസികള്‍ ഈ പദ്ധതിയില്‍ അര്‍പ്പിച്ച വിശ്വാസത്തിന്റെ ഫലമാണ് അഭിമാനകരകരമായ ഈ നേട്ടം.
ലോകത്തൊരിടത്തും ഇല്ലാത്ത വിധം 10 ശതമാനമെന്ന മികച്ച ലാഭവിഹിതം ഗാരണ്ടി നല്‍കുന്ന പദ്ധതിയാണിത്. 2019 ഡിസംബര്‍ 14 ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിച്ച പദ്ധതിക്ക് തുടക്കം മുതല്‍ മികച്ച സ്വീകരണമാണ് പ്രവാസികള്‍ നല്‍കിയത്.

മൂന്നു ലക്ഷം രൂപ മുതല്‍ 51 ലക്ഷം രൂപ വരെ നിക്ഷേപിക്കാവുന്ന ദീര്‍ഘകാല പദ്ധതിയില്‍ നിക്ഷേപകര്‍ക്ക് സര്‍ക്കാര്‍ വിഹിതം ഉള്‍പ്പെടെ 10 ശതമാനം ഡിവിഡന്റ് ലഭിക്കുന്നതാണ് പദ്ധതി. ആദ്യ വര്‍ഷങ്ങളിലെ 10 ശതമാനം ഡിവിഡന്റ് തുക നിക്ഷേപത്തുകയോട് കൂട്ടിച്ചേര്‍ക്കുകയും നാലാം വര്‍ഷം മുതല്‍ നിക്ഷേപകര്‍ക്ക് പ്രതിമാസ ഡിവിഡന്റ് ലഭ്യമാക്കുന്നതുമാണ് പദ്ധതി. നിക്ഷേപകരുടെ കാലശേഷം പങ്കാളിക്ക് ഡിവിഡന്റ് ലഭ്യമാകും. അതിനു ശേഷം നോമിനിക്ക് മൂന്നു വര്‍ഷത്തെ ഡിവിഡന്റ് സഹിതം നിക്ഷേപിച്ച തുക ലഭ്യമാകും. സംസ്ഥാന സര്‍ക്കാര്‍ കിഫ് ബി യിലൂടെ നടപ്പാക്കുന്ന വിവിധ പദ്ധതികളില്‍ ഈ പണം വിനിയോഗിക്കുന്നു. ഭാവി സുരക്ഷിതമാക്കാനുള്ള ഈ സുവര്‍ണാവസരം പരമാവധി പ്രയോജനപ്പെടുത്താന്‍ എല്ലാ പ്രവാസികളോടും അഭ്യര്‍ത്ഥിക്കുന്നു. 

പ്രവാസി ഡിവിഡന്റ് പദ്ധതിയില്‍ അംഗമാകുന്നതിനായി http://pravasikerala.org/dividend/ ലിങ്ക് ഉപയോഗിക്കാം.