36 വര്‍ഷം നീണ്ട പ്രവാസം. പണമെത്ര നേടിയാലും അറിവു പകരുന്ന ധൈര്യവും ആത്മവിശ്വാസവും പോലെ മറ്റൊന്നുമില്ലെന്ന് ഈ 66 കാരന്‍ പറയുന്നു. പാലയൂര്‍ കൊങ്ങണം വീട്ടില്‍ സെയ്തലവി 1975 ല്‍ പത്താംതരം തോറ്റ് ദിവസങ്ങള്‍ക്കുള്ളിലാണ് കടല്‍ കടന്നത്. ഖത്തറിലും കുവൈത്തിലുമായി 36 വര്‍ഷം. പിന്നെ നാട്ടിലെത്തി. 43 വര്‍ഷത്തിന് ശേഷം 2018-ല്‍ പണ്ട് തോറ്റുനിര്‍ത്തിയ എസ്.എസ്.എല്‍.സി. പരീക്ഷ വീണ്ടുമൊന്നെഴുതിയാലോ എന്ന ചിന്ത. കൃഷിയും മറ്റു ജോലികളുമായി മുന്നോട്ടുപോകുമ്പോഴായിരുന്നു പുതിയി 'പൂതി.' ചാവക്കാട് നഗരസഭ നടപ്പിലാക്കിയ ഹിന്ദി ഭാഷ കോഴ്‌സും കേരള സാക്ഷരതാ മിഷന്‍ പത്താംതരം തുല്യ താ കോഴ്‌സും പൂര്‍ത്തിയാക്കി. കംപ്യൂട്ടറും പഠിച്ചു. 

പത്താംതരം തുല്യതാ പരീക്ഷ ജയിച്ചശേഷം ചാവക്കാട് നഗരസഭ സാക്ഷരതാ മിഷന്‍ നോഡല്‍ പ്രേരക് ടി.ബി. ശാലിനിയുടെ കീഴില്‍ ഹയര്‍സെക്കന്‍ഡറിക്ക് ചേര്‍ന്നു. കഴിഞ്ഞ മാസം നടന്ന പ്ലസ് ടു പരീക്ഷയിലും ജയം. ഭാര്യയും മൂന്നു മക്കളുമടങ്ങുന്ന കുടുംബവും സെയ്തലവിക്ക് പ്രോത്സാഹനവുമായി കൂടെയുണ്ട്. 

യു.എ.ഇ.യില്‍ ജോലിചെയ്യുന്ന മക്കളിലൊരാള്‍ എന്‍ജിനീയറും മറ്റേയാള്‍ അക്കൗണ്ടന്റുമാണ്. ഇനി അക്കൗണ്ട്‌സിന്റെ  ഭാഗമായുള്ള ടാലി കോഴ്‌സിന് ചേരണമെന്നാണ് സെയ്തലവിയുടെ മോഹം. അടുത്ത ദിവസം മരിച്ചാലും അറിവുനേടാന്‍ ഇന്ന് അവസരമുണ്ടെങ്കില്‍ ശ്രമിക്കണമെന്നാണ് ഇദ്ദേഹത്തിന്റെ പക്ഷം. പഠനം തുടരണമെന്ന ആഗ്രഹത്തോടെ സെയ്തലവിക്കൊപ്പം എസ്.എസ്.എല്‍.സി., പ്ലസ് ടു തുല്യതാ പരീക്ഷകളെഴുതിയ രണ്ടു പ്രവാസികള്‍ കൂടിയുണ്ട്. ഒരുമനയൂര്‍ മുത്തംമാവ് വി.കെ.എസ്. മന്‍സില്‍ താമറും (52) കടപ്പുറം തൊട്ടാപ്പ് ചാലില്‍ റഷീദും (42). വിദ്യാഭ്യാസമില്ലാത്തതിന്റെ പേരില്‍ അവഗണന നല്ലപോലെ നേരിട്ടിട്ടുണ്ടെന്ന് മൂവരും സമ്മതിക്കുന്നു. 

പരിശീലന ക്ലാസുകളിലും പരീക്ഷയ്ക്കും മൂവരും ഒരുമിച്ചായിരുന്നു. പത്താംതരം തോറ്റപ്പോള്‍ ടെക്‌നീഷ്യന്‍ കോഴ്‌സിന് ചേര്‍ന്ന് പഠിച്ച താമര്‍ ഈ യോഗ്യത വെച്ച് ഖത്തറില്‍ മികച്ച ജോലി നേടി. എന്നാല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിന്റെ  ബുദ്ധിമുട്ട് സെയ്തലവിയെപ്പോലെ താമറും അറിഞ്ഞത് പ്രവാസജീവിതത്തിനിടയിലായിരുന്നു. 24 വര്‍ഷത്തെ ഗള്‍ഫ് ജീവിതത്തിനൊടുവില്‍ 2014-ലാണ് നാട്ടിലെത്തിയത്. തുല്യതാ കോഴ്‌സില്‍ ചേര്‍ന്ന് എസ്.എസ്. എല്‍.സി.ക്ക് 80 ശതമാനവും പ്ലസ്ടുവിന് 70 ശതമാനവും മാര്‍ക്കു നേടി. എല്‍എല്‍.ബി.ക്ക് പഠിക്കുന്ന മകള്‍ ലാമിയയെ പോലെ നിയമപഠനം നടത്തുകയാണ് താമറിന്റെ അടുത്ത ലക്ഷ്യം.

ചുറ്റുപാടുകള്‍ പ്രതികൂലമായതാണ് എട്ടാം തരത്തില്‍ റഷീദ് പഠനം നിര്‍ത്താന്‍ കാരണം. 10 വര്‍ഷത്താളം ഗള്‍ഫില്‍ ജോലിചെയ്തു. പത്താംതരം പാസായെങ്കിലും പ്ലസ്ടു പരീക്ഷയില്‍ വിജയം നേടാനായില്ല. കൂട്ടത്തിലെ ചെറുപ്പക്കാരന്‍ റഷീദായതിനാല്‍ വീണ്ടും എഴുതി വിജയിക്കണമെന്നാണ് സീനിയറായ സെയ്തലവിയുടെ അഭിപ്രായം. അത് റഷീദും ശരിവെക്കുന്നു. അടുത്ത തവണ പ്ലസ് ടു കടമ്പയും കടക്കാനാണ് തയ്യാറെടുപ്പ്.