ഷാര്‍ജ: വിദേശത്തുവെച്ച് മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് തടസ്സമാകുന്ന ഉത്തരവില്‍ ഇളവുവരുത്തിയ തീരുമാനത്തെ പ്രവാസികള്‍ സ്വാഗതം ചെയ്തു.

മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പേ രേഖകള്‍ ഹാജരാക്കണമെന്ന എയര്‍പോര്‍ട്ട് ഹെല്‍ത്ത് ഓഫീസറുടെ ഉത്തരവാണ് കോടതി സ്റ്റേ ചെയ്തത്. മാത്രമല്ല മരിച്ചവരെ മാന്യമായി സംസ്‌കരിക്കുക എന്നത് ഭരണഘടനാ പരമായ അവകാശമാണെന്നും കോടതി ചൂണ്ടികാട്ടി. മൃതദേഹങ്ങള്‍ കൊണ്ടുവരുന്ന ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ 12 മണിക്കൂര്‍ മുമ്പ് രേഖകള്‍ ലഭിച്ചാല്‍ മതിയാകുമെന്ന പുതിയ ഉത്തരവ് പരക്കെ സ്വാഗതം ചെയ്യപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച പുതുക്കിയ ഉത്തരവ് കോടതി അംഗീകരിക്കുകയായിരുന്നു.

വിവാദ ഉത്തരവ് പുറപ്പെടുവിച്ച കോഴിക്കോട് വിമാനത്താവളത്തിലെ ഹെല്‍ത്ത് ഓഫീസര്‍ മുഹമ്മദ് ജലാലുദ്ദീന്‍ വലിയ വിമര്‍ശനമാണ് നേരിട്ടത്. ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രത്തിന് കത്തയച്ചിരുന്നു. ജനപ്രതിനിധികളും ജലാലുദ്ദീനെ വിമര്‍ശിച്ചു. പ്രവാസി ഭാരതീയ പുരസ്‌കാരം നേടിയ അഷറഫ് താമരശ്ശേരിയടക്കമുള്ള സന്നദ്ധപ്രവര്‍ത്തകരും ഉത്തരവിനെതിരേ രംഗത്തെത്തി. എന്നാല്‍ വിവാദ ഉത്തരവ് പിന്‍വലിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായിരുന്നില്ല. പകരം നിയമപരിധിക്കുള്ളില്‍ നിന്നുകൊണ്ട് വേണ്ട സഹായങ്ങള്‍ ചെയ്യാമെന്നായിരുന്നു പ്രതികരിച്ചത്.

പുതുക്കിയ ഉത്തരവുപ്രകാരം മൃതദേഹം വിമാനത്താവളത്തില്‍ എത്തിക്കുന്നതിനു 12 മണിക്കൂര്‍ മുന്‍പ് മരണ സര്‍ട്ടിഫിക്കറ്റ്, എംബാമിങ് സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് കോപ്പി, ഇന്ത്യന്‍ എംബസിയില്‍നിന്നുള്ള നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍.ഒ.സി.) എന്നിവ സമര്‍പ്പിച്ചിരിക്കണം.