ബുദാബി: ഹ്രസ്വസന്ദര്‍ശനത്തിനായി യു.എ.ഇ.യിലെത്തിയ മുസിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും പാര്‍ലമെന്റ് അംഗവുമായ പി.കെ. കുഞ്ഞാലിക്കുട്ടി ഇന്ത്യന്‍ സ്ഥാനപതി നവദീപ് സിങ് സൂരിയുമായി എംബസിയില്‍ കൂടിക്കാഴ്ച നടത്തി. പ്രവാസികളുടെ പ്രശ്‌നങ്ങളെക്കുറിച്ച് കുഞ്ഞാലിക്കുട്ടി സ്ഥാനപതിയുമായി ചര്‍ച്ച ചെയ്തു. പ്രവാസി ഇന്ത്യക്കാരുടെ പ്രശ്‌നങ്ങളില്‍ ഇന്ത്യന്‍ എംബസി എന്നും സേവനനിരതമാണെന്ന് നവദീപ് സിങ് സൂരി പറഞ്ഞു. പലതരം പ്രശ്‌നങ്ങളില്‍ അകപ്പെട്ടവര്‍ക്ക് കൃത്യമായി സഹായങ്ങളെത്തിക്കാന്‍ എംബസ്സി ഉദ്യോഗസ്ഥര്‍ സദാ സന്നദ്ധരാണ്.

ശരിയായ വിധത്തില്‍ കാര്യങ്ങള്‍ ചെയ്യാന്‍ പ്രവാസികളില്‍ പലരും ബോധവാന്മാരല്ലെന്നതാണ് പല പ്രശ്‌നങ്ങളും സങ്കീര്‍ണമാവാന്‍ കാരണം. സംഘടനകളും ഇക്കാര്യങ്ങളില്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. യു.എ.ഇ.യില്‍ മരണപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് ആവശ്യമായ സാമ്പത്തിക സഹായങ്ങള്‍ എംബസി ചെയ്തുകൊടുക്കുന്നുണ്ടെന്നും നവദീപ് സിങ് സൂരി കുഞ്ഞാലിക്കുട്ടിയോട് പറഞ്ഞു.

കമ്പനി പൂട്ടിപ്പോകുന്നവര്‍ക്ക് നാട്ടിലേക്ക് പോകാന്‍ വിമാനടിക്കറ്റുള്‍പ്പെടെയുള്ള സാമ്പത്തിക സഹായങ്ങള്‍ എംബസി വഴി ലഭ്യമാക്കുന്നതായും സ്ഥാനപതി പറഞ്ഞു. പ്രവാസികള്‍ അഭിമുഖീകരിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു.

ഇന്ത്യന്‍ എംബസി കമ്യൂണിറ്റി വെല്‍ഫെയര്‍ വിഭാഗം ഫസ്റ്റ് സെക്രട്ടറി ദിനേഷ് കുമാര്‍, കെ.എം.സി.സി നാഷണല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍, ട്രഷറര്‍ യു.അബ്ദുല്ല ഫാറൂഖി, വൈസ് പ്രസിഡന്റ് അഷ്‌റഫ് പള്ളിക്കണ്ടം, സുല്‍ഫിക്കര്‍, ഹാഷിം എന്നിവര്‍ സന്നിഹിതരായിരുന്നു.