ഷാര്‍ജ: പാം സാഹിത്യ സഹകരണ സംഘം (കൊല്ലം) പാം പുസ്തപ്പുരയുടെ 2020 ലെ കഥാ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ജോയ് ഡാനിയേല്‍ രചിച്ച 'റിഡന്‍ഡന്‍സി' എന്ന കഥയ്ക്കാണ് ഒന്നാം സ്ഥാനം. അനൂപ് കുമ്പനാട് എഴുതിയ 'ബ്ലൂ മെര്‍ലിന്‍' എന്ന കഥയ്ക്ക് രണ്ടാം സ്ഥാനവും, ബഷീര്‍ മുളിവയല്‍ എഴുതിയ 'ചിന്നന്‍' എന്ന കഥ മൂന്നാം സ്ഥാനവും നേടി. നോവലിസ്റ്റും കഥാകൃത്തുമായ ടി.കെ ശങ്കരനാരായണന്‍ ജൂറി ചെയര്‍മാനായ പുരസ്‌കാര കമ്മിറ്റിയില്‍ മലയാളം അധ്യാപിക ഫാത്തിമ, എഴുത്തുകാരായ സലീം അയ്യനത്ത്, പ്രവീണ്‍ പാലിക്കല്‍ എന്നിവര്‍ അംഗങ്ങളായിരുന്നു.

പ്രവാസ ജീവിതത്തിന്റെ നിസ്സഹായതയും നൊമ്പരവും വിഹ്വലതകളും ആഗോളീകരണം നമ്മിലേല്‍പിച്ച ആഘാതങ്ങളും തൊഴില്‍ നഷ്ടവും ശക്തമായി ആവിഷ്‌കരിക്കുന്ന കഥയാണ് റിഡന്‍ഡന്‍സി. ബ്ലൂ മെര്‍ലിന്റെ വേട്ടയുമായി ബന്ധപ്പെട്ട ഒരു മിത്തിനെ മനുഷ്യ ജീവിതവുമായി ഇഴ പൊട്ടാതെ ബന്ധിപ്പിച്ചെഴുതിയതാണ് ബ്ലൂ മെര്‍ലിന്‍. കോവിഡ് മഹാമാരിയെ വേറിട്ട രീതിയില്‍ ആവിഷ്‌കരിക്കുന്ന കഥയാണ് 'ചിന്നന്‍'.

പത്തനംതിട്ട കൂടല്‍ സ്വദേശിയാണ് ജോയ് ഡാനിയല്‍. മഷി കൂട്ടായ്മയുടെ 'ഖിസ്സ' എന്ന കഥാസമാഹാരങ്ങളുടെ എഡിറ്ററാണ്. ദുബായില്‍ സ്വകാര്യകമ്പനിയില്‍ അഡ്മിനിസ്‌ട്രേറ്ററാണ്. ഭാര്യ ബിന്ദു, മകള്‍ ദിയ. പത്തനംതിട്ട കുമ്പനാടാണ് സ്വദേശിയാണ് അനൂപ് കുമ്പനാട്. ദുബായ് സീമെന്‍സില്‍ ഫീല്‍ഡ് സര്‍വീസ് പ്രൊജക്ട് മാനേജരാണ്. 'രണ്ടു സാധാരണ പെണ്‍കുട്ടികളുടെ അസാധാരണ കഥകള്‍', 'ഈ മഴ തോരാതിരുന്നെങ്കില്‍' എന്നിവയാണ് പ്രധാന കൃതികള്‍. നിരവധി ഹ്രസ്വചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ചിട്ടുണ്ട്. ഭാര്യ നിഷ. മക്കള്‍ ഹൃദ്യ, ആര്‍ദ്ര. കോഴിക്കോട് വാണിമേല്‍ സ്വദേശിയായ ബഷീര്‍ മുളിവയല്‍ 27 വര്‍ഷമായി പ്രവാസിയാണ്. സുനാമി, ചുവന്നമഷികൊണ്ടൊരടിവര, ഞങ്ങളും ഇവിടെയുണ്ട് ' എന്നിവയാണ് കൃതികള്‍.