അബുദാബി: ആറുമാസത്തെ കുതിപ്പിന് ശേഷം ഇന്ത്യന്‍ രൂപയുടെ ഡോളറുമായുള്ള വിനിമയ നിരക്ക് കുറഞ്ഞതിനാല്‍ കൂടുതല്‍ ഇന്ത്യന്‍ രൂപ നാട്ടിലേക്കയക്കാന്‍ കഴിയുന്നതിലുള്ള ആഹ്ലാദത്തിലാണ് യു.എ.ഇ. യില്‍ പ്രവാസികള്‍.
 
മൂന്നുമാസത്തെ വേനലവധിക്ക് ശേഷം സെപ്റ്റംബര്‍ അവസാനത്തോടെ എക്‌സ്‌ചേഞ്ച് ഹൗസുകളിലും തിരക്ക് വര്‍ധിച്ചു. ഡോളറിന്റെ വില വര്‍ധിക്കാന്‍ രണ്ടുമൂന്നു കാരണങ്ങളുണ്ടെന്ന് യു.എ.ഇ. എക്‌സ്‌ചേഞ്ച് പ്രസിഡന്റ് വൈ.സുധീര്‍ കുമാര്‍ ഷെട്ടി പറഞ്ഞു.

ഫോറിന്‍ ഇന്‍സ്റ്റിസ്റ്റ്യൂഷണല്‍ ഇന്‍വെസ്റ്റര്‍ (എഫ്.ഐ.ഐ.) നമ്മുടെ ഓഹരി വിപണികളില്‍ ധാരാളം നിക്ഷേപിച്ചിരുന്നു. ഇവര്‍ ഓഹരികള്‍ കൂടുതല്‍ വിറ്റഴിച്ചത് ഡോളറിന് ഡിമാന്‍ഡ് വര്‍ധിക്കാന്‍ ഒരു കാരണമാണ്.
 
ഇറക്കുമതിക്കാര്‍ ഡോളര്‍ വാങ്ങിക്കൂട്ടിയതും ഡിമാന്‍ഡ് കൂടാന്‍ കാരണമായി. കൂടാതെ ഇന്ത്യന്‍ ഓഹരി വിപണി താഴേക്ക് പോയതും ഡോളറിന്റെ മൂല്യം വര്‍ധിക്കാന്‍ കാരണമായി.
 
ഈ പ്രതിഭാസം താത്കാലികം മാത്രമാണെന്നും രൂപയുടെ മൂല്യം വര്‍ധിക്കുമെന്നും സുധീര്‍ കുമാര്‍ ഷെട്ടി വിശദീകരിച്ചു. അതുവരെ നിലവിലെ അനുകൂല സഹാചര്യം പരമാവധി പ്രയോജനപ്പെടുത്താനുള്ള തിരക്കിലാണ് പ്രവാസികള്‍.