ന്യൂഡൽഹി: കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രി വി മുരളീധരനെ പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലി അഭിനന്ദിച്ചു. രണ്ടാം മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ വേദിയില്‍ വച്ചാണ് ആശംസകള്‍ കൈമാറിയത്. മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ യൂസഫലിയും പങ്കെടുത്തിരുന്നു.

നേരത്തെ എന്‍ഡിഎ തിരഞ്ഞെടുപ്പില്‍ വലിയ വിജയം നേടിയപ്പോള്‍ നരേന്ദ്ര മോദിയെ അഭിനന്ദിച്ച് എം.എ. യൂസഫലി ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. നരേന്ദ്രമോദിയുടെ വികസനോന്മുഖ അജന്‍ഡയ്ക്കു കിട്ടിയ അംഗീകാരമാണ് തിരഞ്ഞെടുപ്പ് വിജയമെന്നായിരുന്നു എം.എ. യൂസഫലി പറഞ്ഞത്. വിവിധ വിഭാഗങ്ങള്‍ക്കായി താഴേതട്ടില്‍ തുടങ്ങിയ വികസന പ്രവര്‍ത്തനങ്ങള്‍ ശരിയായ ദിശയിലായതാണ് വിജയത്തിനു കാരണം. വ്യക്തമായ ജനവിധി തന്നെപ്പോലുള്ള പ്രവാസി നിക്ഷേപകര്‍ക്കു മാത്രമല്ല രാജ്യാന്തര നിക്ഷേപകര്‍ക്കും ധൈര്യപൂര്‍വം ഇന്ത്യയില്‍ പണം മുടക്കാന്‍ ആത്മവിശ്വാസമേകും. കഴിഞ്ഞ അഞ്ചു വര്‍ഷം ഇന്ത്യ-ഗള്‍ഫ് ബന്ധത്തിന്റെ സുവര്‍ണ കാലമായിരുന്നു. അറബ് ലോകത്തെ വിവിധ നേതാക്കള്‍ മോദിയുമായി നല്ല ബന്ധമാണ് പുലര്‍ത്തിയത്. അതിനിയും തുടരുമെന്ന് വിശ്വാസമുണ്ട്. ഇന്ത്യക്കാരുടെ പ്രതിഛായ ഏറ്റവുമധികം ഉയര്‍ന്ന സമയമാണ് എന്‍ഡിഎ സര്‍ക്കാരിന്റെ ഭരണകാലമെന്നും പുതിയ തലമുറയ്ക്ക് ഏറെ ആഹ്ലാദിക്കാന്‍ ഈ വിജയം ഇടനല്‍കുമെന്നും യൂസഫലി വ്യക്തമാക്കി.