1990 ഫെബ്രുവരി പതിനാറാം തിയതിയാണ് ഒമര്‍ അല്‍ ഒലാമയുടെ ജനനം. ദുബായില്‍.

2017 ല്‍, അതായത് ഇരുപത്തിയേഴ് വയസ്സുള്ളപ്പോള്‍ അദ്ദേഹം യു എ ഇ യിലെ മിനിസ്റ്റര്‍ ഫോര്‍ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ആയി ചാര്‍ജ്ജ് എടുത്തു.

ഇന്ന് ജനീവയില്‍ ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തില്‍ 'നിര്‍മ്മിത ബുദ്ധിയും തൊഴിലുകളുടെ ഭാവിയും' എന്ന വിഷയത്തില്‍ നടന്ന പാനലില്‍ അദ്ദേഹം പങ്കെടുത്തു.

എട്ടു മിനുട്ട് വീതം രണ്ടു റൗണ്ട് ആണ് അദ്ദേഹത്തിന് സംസാരിക്കാന്‍ കിട്ടിയത്. എന്റേതുള്‍പ്പടെ മൂന്ന് ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി പറഞ്ഞു.

ഇത്ര ചുരുക്കം സമയത്തിനിടക്ക് അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍, അത് പറഞ്ഞ രീതി, ഒക്കെ എന്നെ അതിശയപ്പെടുത്തി.

ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും ഒരു കാലത്ത് മുന്‍നിരയില്‍ നിന്ന് മധ്യേഷ്യ പ്രിന്റിങ് പ്രസ് ഉള്‍പ്പടെയുള്ള ആധുനിക സാങ്കേതികവിദ്യകളോട് മുഖം തിരിച്ചതാണ് മധ്യേഷ്യയെ പിന്നോട്ടടിച്ചതെന്നും അതുകൊണ്ടു തന്നെ ഇനിയുള്ള കാലത്ത് പുതിയതായി വരുന്ന സാങ്കേതിക വിദ്യകളെ അറിഞ്ഞു സ്വാംശീകരിച്ച് രാജ്യത്തിന്റെ പുരോഗതി നിലനിര്‍ത്തുക എന്നതാണ് അവരുടെ  രാജ്യത്തിന്റെ ലക്ഷ്യമെന്നും പറഞ്ഞാണ് അദ്ദേഹം തുടങ്ങിയത്.

ബില്‍ഡിങ് റസ്‌പോണ്‍സിബിള്‍ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് നേഷന്‍ (BRAIN) എന്നതാണ് യുഎഇയുടെ ഈ വിഷയത്തിലെ പ്രഖ്യാപിത നയം.

കൃത്രിമ ബുദ്ധി എന്നുള്ളത് നാളെ വരാന്‍ പോകുന്ന ഒന്നല്ല, ഇപ്പോള്‍ത്തന്നെ നമ്മുടെ ചുറ്റും ഉള്ളതാണ്. പല രംഗങ്ങളിലും കൃത്രിമ ബുദ്ധിയുടെ ഉപയോഗം സാധ്യമാണ്. അവയില്‍ ഏതൊക്കെ രംഗത്ത് എത്ര വേഗത്തില്‍ അവ ഉപയോഗപ്പെടുത്തണം എന്നതാണ് സര്‍ക്കാര്‍ തലത്തില്‍ നടത്താനുള്ള തീരുമാനം.

ഇന്‍ഫ്രാസ്ട്രക്ച്ചര്‍, എണ്ണ വ്യവസായം, എയര്‍ലൈന്‍ എന്നീ വ്യവസായങ്ങളുടെ പിന്നാമ്പുറത്ത് എഫിഷ്യന്‍സി കൂട്ടുക എന്നത് ഏറ്റവും എളുപ്പത്തില്‍ ചെയ്യാവുന്നതും തര്‍ക്കമില്ലാത്തതുമായ കാര്യമായതിനാല്‍ അവിടെയാണ് തുടക്കം കുറിച്ചിരിക്കുന്നത്. 

ആരോഗ്യം, ടൂറിസം, സൈബര്‍ സെക്യൂരിറ്റി എല്ലാമാണ് അടുത്ത പടി.

ഇങ്ങനെ ഓരോ സര്‍ക്കാര്‍ സംവിധാനത്തിലും എവിടെയെല്ലാം നിര്‍മ്മിത ബുദ്ധി ഉപയോഗിക്കാനും അത് ഗുണകരമാക്കാനും പറ്റുമോ, അവിടെല്ലാം അതുപയോഗിക്കുക എന്നതാണ് നയം.

നിര്‍മ്മിത ബുദ്ധി സര്‍ക്കാര്‍ സംവിധാനങ്ങളില്‍ ഉപയോഗിക്കാനുള്ള ഏറ്റവും വലിയ ബുദ്ധിമുട്ട് സാങ്കേതിക വിദ്യ അല്ല, ആ വകുപ്പുകളില്‍ ഉള്ളവരുടെ അറിവില്ലായ്മയാണ് (പരിചയം തോന്നുന്നുണ്ടോ?). ഇത് മറികടക്കാനായി എല്ലാ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും ഓരോരുത്തരെ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ഒരു വര്‍ഷത്തെ നിര്‍മ്മിത ബുദ്ധിയെ പറ്റിയുള്ള കോഴ്‌സിന് വിട്ടു. അങ്ങനെ കോഴ്‌സ് പൂര്‍ത്തിയാക്കിയ തൊണ്ണൂറ്റി നാലു പേരെ ഓരോ വകുപ്പിലും നിര്‍മ്മിത ബുദ്ധി ഉപദേശകരായി നിയമിച്ചു.

നിര്‍മ്മിത ബുദ്ധിയുടെ രംഗത്ത് ഏറെ ഗവേഷണം നടത്തിയിട്ടുള്ളതോ ഗവേഷകര്‍ ഉള്ളതോ ആയ സ്ഥലമല്ല യുഎഇ. പക്ഷെ ലോകത്ത് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ നിര്‍മ്മിത ബുദ്ധിയുടെ വിദഗ്ദ്ധര്‍ ജോലി ചെയ്യാന്‍ ആയി എത്തിയത് യുഎഇയില്‍ ആണത്രേ.

എഐ വിദഗ്ദ്ധര്‍ക്ക് ലോകത്തെവിടെയും നല്ല ശമ്പളം കിട്ടും എന്നുള്ളപ്പോള്‍ എന്തുകൊണ്ടാണ് ഇവര്‍ യുഎഇയെ ഇഷ്ടപ്പെടുന്നത് ?

നിര്‍മ്മിത ബുദ്ധിയുടെ രംഗത്ത് ജോലി ചെയ്യുന്നവരുടെ പ്രധാന അസംസ്‌കൃത വസ്തു ഡേറ്റ ആണ്. ഡേറ്റയുടെ മൂന്ന് കാര്യങ്ങള്‍ പ്രസക്തമാണ്. Volume, Variety and Velocity. 

ഇതില്‍ ഡേറ്റയുടെ അളവിന്റെ കാര്യത്തില്‍ ചൈനയോടോ ഇന്ത്യയോടൊ അമേരിക്കയോടോ മത്സരിക്കാന്‍ യുഎഇക്ക് പറ്റില്ല. പക്ഷെ ഇരുന്നൂറ് രാജ്യങ്ങളില്‍ നിന്നുള്ള ആളുകളാണ് യുഎഇയില്‍ ജീവിക്കുന്നതും ജോലി ചെയ്യുന്നതും (ഐക്യരാഷ്ട്ര സഭയില്‍ നൂറ്റി തൊണ്ണൂറ്റി മൂന്നു അംഗ രാജ്യങ്ങളേ ഉള്ളൂ എന്നോര്‍ക്കണം). അപ്പോള്‍ വറൈറ്റിയുടെ കാര്യത്തില്‍ യുഎഇക്ക് ഒന്നാം സ്ഥാനം ആണ്. എത്ര വേഗത്തില്‍ ഡേറ്റ കൈമാറ്റം ചെയ്യപ്പെടുന്നു എന്നതിലും യുഎഇ മുന്നില്‍ ആണ്.

'ഡേറ്റ റെഗുലേഷന്‍ പ്രധാനം ആണെങ്കിലും റെഗുലേഷന് വേണ്ടി അല്ല ഞങ്ങള്‍ റെഗുലേഷന് പോകുന്നത്, മറിച്ച് ഏതൊക്കെ ഉപയോഗങ്ങള്‍  റെഗുലേറ്റ് ചെയ്തില്ലെങ്കില്‍ എന്ത് നഷ്ടം ഉണ്ടാവും എന്ന് ചിന്തിച്ചിട്ടാണ്. ഒരു കാറില്‍ ബോംബ് വച്ച് തീവ്രവാദത്തിന് ഉപയോഗിക്കാം എന്നതിനാല്‍ നമ്മള്‍ കാര്‍ നിരോധിക്കുന്നില്ലല്ലോ' അദ്ദേഹം പറഞ്ഞു.

'വേഗത്തില്‍ നയങ്ങളും നിയമങ്ങളും ഉണ്ടാക്കുന്നതും അവ കൃത്യമായി നടപ്പിലാക്കുന്നതുമെല്ലാം ഗവേഷകര്‍ക്കും വിദഗ്ദ്ധര്‍ക്കും യുഎഇയില്‍ ജോലി ചെയ്യാന്‍ താല്പര്യം ഉണ്ടാക്കുന്നു. പോരാത്തതിന് നൂറ്റി അറുപത്തി അഞ്ചു രാജ്യങ്ങളിലേക്ക് വിമാന സര്‍വീസുകള്‍ ഉണ്ട്. ഒറ്റ ദിവസം കൊണ്ട് ലോകത്ത് എവിടെയും എത്താം. ഇതൊക്കെ യുഎഇയെ പ്രിയങ്കരമാക്കുന്നു'.

എല്ലാക്കാലത്തും ഈ വിഷയത്തില്‍ മറ്റുള്ളവരെ മാത്രം ആശ്രയിക്കാന്‍ പറ്റില്ല, പോരാത്തതിന് പുതിയ തലമുറയെ നിര്‍മ്മിത ബുദ്ധിയുടെ സാധ്യതകളും വെല്ലുവിളികളും പഠിപ്പിച്ചേ പറ്റൂ. അതുകൊണ്ട് ആറാം ക്ലാസ് മുതല്‍ നിര്‍മ്മിത ബുദ്ധി സ്‌കൂള്‍ കരിക്കുലത്തില്‍ 2020 മുതല്‍  ഉള്‍പ്പെടുത്തും. ഓരോ സമ്മറിലും നിര്‍മ്മിത ബുദ്ധിയുടെ സമ്മര്‍ ക്യാംപുകള്‍ ഇപ്പോഴേ നടത്തി തുടങ്ങി. പോരാത്തതിന് ദശലക്ഷം അറബ് പൗരന്മാരെ കമ്പ്യൂട്ടര്‍ കോഡിങ് പഠിപ്പിക്കാന്‍ ഒരു പ്രത്യേക പദ്ധതി തുടങ്ങി അനവധി പദ്ധതികളുണ്ട്. Inception Institute of Artificial Intelligence എന്നൊരു സ്ഥാപനം ഇപ്പോള്‍ തന്നെ അബുദാബിയില്‍ ഉണ്ട്, പോരാത്തതിന് ലോകത്തിലെ ആദ്യത്തെ നിര്‍മ്മിത ബുദ്ധി യൂണിവേഴ്‌സിറ്റിയായ Mohamed bin Zayed University of Artificial Intelligence സെപ്റ്റംബറില്‍ തുടങ്ങുകയാണ്. 

സര്‍ക്കാരിന്റെയും ജനജീവിതത്തിന്റെയും സമ്പദ് വ്യവസ്ഥയുടെയും സമസ്ത മേഖലകളിലും നിര്‍മ്മിത ബുദ്ധി കൊണ്ടുവരുന്നത് കൂടാതെ പത്തുവര്‍ഷത്തിനകം യുഎഇ സമ്പദ് വ്യവസ്ഥയുടെ ആറിലൊന്ന് വരുമാനം ഈ രംഗത്ത് നിന്നായിരിക്കും എന്നാണ് PwC കണക്കുകൂട്ടിയിരിക്കുന്നത്. 

നിര്‍മ്മിത ബുദ്ധിയുടെ ഇന്ധനം ആയ ഡേറ്റ രാജ്യത്ത് തന്നെ നിലനിര്‍ത്തണം എന്ന നിബന്ധന യുഎഇക്ക് ഉണ്ടോ?, ഡേറ്റയുടെ അവകാശി ആരാണ്?, അവര്‍ക്ക് എങ്ങനെയാണ് ഡേറ്റ ഉപയോഗിക്കുന്നവര്‍ ഉണ്ടാക്കുന്ന അതിഭീമ ലാഭത്തിന്റെ ഒരു പങ്കെങ്കിലും ലഭ്യമാക്കുക?, എന്നീ കാര്യങ്ങളാണ് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചത്. വളരെ കൃത്യമായ ഉത്തരങ്ങള്‍ അദ്ദേഹം പറയുകയും ചെയ്തു. അതിനെ പറ്റി പിന്നീട് ഒരിക്കല്‍ എഴുതാം.

ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍, ഇന്റര്‍നാഷണല്‍ ടെലിക്കമ്യൂണിക്കേഷന്‍ യൂണിയന്‍, സിറ്റിസണ്‍ സൈബര്‍ ലാബ് എന്നീ മേഖലകളില്‍ നിന്നുള്ളവരും പാനലില്‍ ഉണ്ടായിരുന്നു. ഓരോരുത്തരും പറഞ്ഞത് തന്നെ ഓരോ പോസ്റ്റ് എഴുതാനുണ്ട്, വഴിയേ എഴുതാം.

ലോകം എവിടെ നില്‍ക്കുന്നു, നാം ആ സമയത്ത് എന്തിനെ പറ്റി ചിന്തിക്കുന്നു, സമയം കളയുന്നു എന്നതായിരുന്നു സെഷന്‍ കഴിഞ്ഞു വരുമ്പോള്‍ എന്റെ ചിന്ത. പ്രിന്റിങ്ങ് പ്രസ്സിനെ ഉപയോഗിക്കാതിരുന്ന മധ്യേഷ്യക്ക് പറ്റിയ പോലെ നിര്‍മ്മിത ബുദ്ധിയുടെ വണ്ടി കണ്ട് 'ഹായ് എന്തൊരു സ്പീഡ്' എന്ന് പറഞ്ഞു നാം വഴിയാധാരം ആകുമോ ?