അബുദാബി: പി.ഡി.എഫ്. രൂപത്തില്‍ വാട്ട്‌സാപ്പിനെ ബാധിക്കുന്ന മാല്‍വേറുകള്‍ക്കെതിരേ ജാഗ്രതാ നിര്‍ദേശവുമായി യു.എ.ഇ. ഗവണ്‍മെന്റ്. വാട്ട്‌സാപ്പിലെത്തുന്ന അജ്ഞാത സന്ദേശങ്ങള്‍ തുറന്നുനോക്കരുതെന്ന് യു.എ.ഇ. ടെലികമ്യൂണിക്കേഷന്‍വകുപ്പ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
 
ഇ മെയിലിലും വാട്ട്‌സാപ്പിലുമെത്തുന്ന അജ്ഞാത പി.ഡി.എഫ്. ഫയലുകള്‍ തുറന്നാല്‍ മൊബൈല്‍ ഫോണുകളടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കും. ഈ വര്‍ഷം ആദ്യ പത്ത് മാസങ്ങള്‍ക്കിടയില്‍ 600-ലധികം സൈബര്‍ ആക്രമണങ്ങളാണ് നടന്നിട്ടുള്ളത്.
 
അവയെല്ലാം വകുപ്പ് കണ്ടെത്തി പരിഹരിക്കുകയും ചെയ്തിട്ടുണ്ട്. ഗവണ്‍മെന്റ് വെബ്‌സൈറ്റുകള്‍ നശിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇവ പ്രവര്‍ത്തിക്കുകയെന്ന് വകുപ്പ് അറിയിച്ചു.