ഷാര്‍ജ : ഷാര്‍ജ ലൈറ്റ് ഫെസ്റ്റിവല്‍ കാണാന്‍ സന്ദര്‍ശകര്‍ക്ക് അവസരമൊരുക്കി ഷാര്‍ജ സിറ്റിസൈറ്റ് സീയിങ് ബ്ലൂ, ഓറഞ്ച് എന്ന രണ്ടു പുതിയ റൂട്ടുകള്‍ കൂടി തുടങ്ങുന്നു.

സെന്‍ട്രല്‍ സൂഖില്‍നിന്ന് ആരംഭിക്കുന്ന ബ്ലൂ റൂട്ട് അല്‍ ജുബൈല്‍ മാര്‍ക്കറ്റ്, ഷാര്‍ജ ഫോര്‍ട്ട് മ്യൂസിയം, ഷാര്‍ജ മ്യൂസിയം ഓഫ് ഇസ്ലാമിക് സിവിലൈസേഷന്‍, റാഡിസണ്‍ ബ്ലൂ ഹോട്ടല്‍, കള്‍ച്ചറല്‍ സ്‌ക്വയര്‍, മെഗാ മാള്‍, ഗോള്‍ഡ് സെന്റര്‍ തുടങ്ങിയ സ്ഥലങ്ങളിലൂടെ അല്‍ മഹത്ത മ്യൂസിയത്തില്‍ അവസാനിക്കും.

സെന്‍ട്രല്‍ സ്‌ക്വയറില്‍നിന്ന് തുടങ്ങുന്ന ഓറഞ്ച് റൂട്ടാകട്ടെ അല്‍ നൂര്‍ മോസ്‌ക്, അല്‍ ബുഹൈറ കോര്‍ണിഷ്, അല്‍ മജാസ് വാട്ടര്‍ഫ്രണ്ട്, അല്‍ മജാസ് ആംഫി തിയേറ്റര്‍, അല്‍ മോണ്ടസ വാട്ടര്‍പാര്‍ക്ക്, ഫ്‌ളാഗ് ഐലന്‍ഡ്, ഷാര്‍ജ അക്വേറിയം എന്നീ സ്ഥലങ്ങള്‍ വഴി അല്‍ ഖസ്ബയില്‍ എത്തിച്ചേരും.

ഒരു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന സര്‍വീസുകള്‍ വൈകീട്ട് ഏഴുമുതല്‍ രാത്രി പത്തുവരെ നടക്കും. അര മണിക്കൂര്‍ ഇടവിട്ട് ബസുകള്‍ ഉണ്ടാകും.

ഈ മാസം 17 വരെയാണ് ഷാര്‍ജയിലെ പ്രധാന വിനോദകേന്ദ്രങ്ങളെ പ്രഭാപൂരിതമാക്കി ലൈറ്റ് ഫെസ്റ്റിവല്‍ നടക്കുന്നത്.