ഷാര്‍ജ: 'അതിരുകളില്ലാത്ത വായന' എന്ന പ്രമേയത്തെ ആസ്​പദമാക്കി ഷാര്‍ജ സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള മൊബൈല്‍ ലൈബ്രറി യു.എ.ഇ. യാത്ര സംഘടിപ്പിക്കുന്നു. വായനയിലൂടെ അറിവ് പരത്താനും വിഖ്യാതപുസ്തകങ്ങള്‍ പ്രചരിപ്പിക്കാനുമായാണ് മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ രാജ്യവ്യാപകമായി യാത്രചെയ്യുന്നത്.

യു.എ.ഇ.യിലെ തിരഞ്ഞെടുത്ത 28 കേന്ദ്രങ്ങളിലാണ് ഷാര്‍ജ മൊബൈല്‍ ലൈബ്രറിയാത്ര നടത്തുക. കൂടാതെ, സര്‍ക്കാര്‍ കൂടുതല്‍ അനുയോജ്യമായ കേന്ദ്രങ്ങള്‍ നിര്‍ദേശിക്കുകയാണെങ്കില്‍ പരിഗണിക്കാനും തീരുമാനിച്ചിട്ടുണ്ട്. യു.എ.ഇ.യിലെ സര്‍വകലാശാലകള്‍, മറ്റു വിദ്യാഭ്യാസസ്ഥാപനങ്ങള്‍, ആസ്​പത്രികള്‍, പൊതുയിടങ്ങള്‍, ഭിന്നശേഷിക്കാരെ നയിക്കുന്ന കമ്യൂണിറ്റി സംഘടനകളിലും അവരുടെ കേന്ദ്രങ്ങളിലും എന്നിവിടങ്ങളിലെല്ലാം പുസ്തകങ്ങളെത്തിക്കും. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരേപോലെ വായന ആസ്വദിക്കാനും ഇഷ്ടപുസ്തകങ്ങള്‍ തിരഞ്ഞെടുക്കാനും അവസരമൊരുക്കും.

വായനയിലൂടെ രാജ്യത്തിന്റെയും സമൂഹത്തിന്റെയും വളര്‍ച്ച മുന്നില്‍ക്കണ്ടാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ കൃതികളും മൊബൈല്‍ ലൈബ്രറിയിലൂടെ ജനങ്ങളുടെ കൈകളിലെത്തിക്കും. കൂടാതെ വിജ്ഞാനകോശങ്ങള്‍, അറബി ഭാഷാകൃതികള്‍, കുട്ടികളുടെ പുസ്തകങ്ങള്‍, ആനുകാലികങ്ങള്‍, കുടുംബങ്ങള്‍ക്കായുള്ള പുസ്തകങ്ങള്‍, സാഹിത്യ, ചരിത്ര വിഭാഗത്തില്‍ ഉള്‍പ്പെട്ടവ തുടങ്ങിയവയെല്ലാം ഷാര്‍ജ മൊബൈല്‍ ലൈബ്രറി വിവിധ കേന്ദ്രങ്ങളിലൂടെ എത്തിക്കും.