ഷാര്‍ജ: പുതുതലമുറ സെല്‍ഫികളില്‍ അഭിരമിച്ചുകഴിയുകയാണെന്ന് കവി ആലങ്കോട് ലീലാകൃഷ്ണന്‍ പറഞ്ഞു ഷാര്‍ജ പുസ്തകോത്സവത്തിനോടനുബന്ധിച്ച് ബാള്‍റൂമില്‍ കാവ്യസന്ധ്യയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'എന്റെ സെല്‍ഫി' പ്രക്ഷേപണം ചെയ്യാനുള്ള സമൂഹവും കാണികളുമായി ലോകത്തെ മാറ്റിത്തീര്‍ത്തിരിക്കുന്നു. 'എന്നെ' കാണിക്കാനുള്ളതായി മാത്രം ലോകത്തെ മാറ്റിയിരിക്കുന്നു, ആദ്യത്തെ സെല്‍ഫിയുടെ രക്തസാക്ഷിയാണ് നാസിസസ്.

അവനവനെ കണ്ടുമരിക്കും നാസിസസ് ആയി ഓരോരാളും മാറിക്കൊണ്ടിരിക്കുന്ന കാലത്താണ് നാം ജീവിക്കുന്നതെന്നും ആലങ്കോട് പറഞ്ഞു, തുടര്‍ന്ന് അദ്ദേഹം 'അച്ഛന്‍' എന്ന കവിത ചൊല്ലി.' രാത്രിയാവുന്നു ജീവന്‍ പിടയ്ക്കുമീ നേര്‍ത്ത നൂലിഴ പൊട്ടാതിരിക്കുവാന്‍ കാത്തിരിപ്പുഞാന്‍...' എന്ന കവിത ഈണത്തില്‍ ചൊല്ലിയപ്പോള്‍ സദസ്സ് കവിതയുടെ മധുരം ആസ്വദിക്കുകയായിരുന്നു.
 
താനിപ്പോള്‍ 'ജിമിക്കികമ്മല്‍...' എഴുതിയ പാട്ടുകാരനായാണ് അറിയപ്പെടുന്നതെന്ന് കവി അനില്‍ പനച്ചൂരാന്‍ പറഞ്ഞു. ആ പാട്ട് എങ്ങനെയിത്രയധികം പ്രശസ്തമായതെന്ന് നിശ്ചയമില്ല, അതോടെ പാട്ടുകേള്‍ക്കാന്‍ മാത്രമല്ല ജനങ്ങള്‍ക്ക് ആടാനും അറിയാമെന്ന് ബോധ്യപ്പെടുത്തി. തുടര്‍ന്ന് അദ്ദേഹം 'പ്രണയകാലം' എന്ന കവിതയും ആലപിച്ചു.