അബുദാബി: കോവിഡ് വ്യാപനം രൂക്ഷമായതിനെത്തുടര്‍ന്ന് ഇന്ത്യയില്‍ നടത്താന്‍ കഴിയാതിരിക്കുന്ന ഐപിഎല്‍ 2021-ന്‍റെ ബാക്കിയുള്ള മത്സരങ്ങളാണ് യുഎഇയില്‍ നടക്കാന്‍ പോകുന്നത്. പൂര്‍ണ ആവേശത്തിലും ആരവങ്ങളോടെയുമാകും യുഎഇയിലെ ഐപിഎല്‍ മത്സരങ്ങള്‍ നടക്കുക. അബുദാബി, ദുബായ്, ഷാര്‍ജ സ്‌റ്റോഡിയങ്ങളില്‍ കാണികളെ പ്രവേശിപ്പിക്കുമെന്ന് ബിസിസിഐ അറിയിച്ചു.

വ്യാഴാഴ്ച മുതല്‍ ടിക്കറ്റ് വില്‍പന തുടങ്ങും. ഐപിഎല്‍ വെബ്‌സൈറ്റ് വഴിയും തിരഞ്ഞെടുക്കപ്പെട്ട മറ്റ് ഓണ്‍ ലൈന്‍ സൈറ്റുകള്‍ വഴിയും ആളുകള്‍ക്ക് ടിക്കറ്റ് വാങ്ങാം. ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍ നിരക്കുള്ള രാജ്യമാണ് യുഎഇ എന്നതാണ് ഐപിഎല്ലിനെ ഗുണകരമായത്. വിദേശികള്‍ ഉള്‍പ്പെടുന്ന യുഎഇയിലെ താമസക്കാര്‍ രണ്ടു ഡോസ് വാക്‌സിന് പുറമെ ബൂസ്റ്റര്‍ ഡോസും നേരത്തെതന്നെ സ്വീകരിച്ചിട്ടുണ്ട്.

യുഎഇയില്‍ ഇപ്പോള്‍ പൊതുപരിപാടികളും നടക്കുന്നുണ്ട്. കാണികളെ പ്രവേശിപ്പിക്കുന്നതില്‍ എമിറേറ്റ്‌സ് ക്രിക്കറ്റ് ബോർഡും സ്വാഗതം അറിയിച്ചതോടെയാണ് ബിസിസിഐയുടെ പ്രഖ്യാപനം ഉണ്ടായത്. കാണികളെ പ്രവേശിപ്പിക്കുമെങ്കിലും കളിക്കാര്‍ ബയോ ബബിള്‍ സംവിധാനത്തിലായിരിക്കും. സ്റ്റേഡിയത്തിന്റെ മുഴുവന്‍ ശേഷിയിലും കാണികളെ പ്രവേശിപ്പിക്കില്ല. ഐപിഎല്ലിന്റെ രണ്ടായിരത്തി ഇരുപത് എഡിഷന്‍ യുഎഇയില്‍ നടത്തിയപ്പോള്‍ കാണികളെ പ്രവേശിപ്പിച്ചിരുന്നില്ല.