ദുബായ്: കേരളത്തിലെ കാന്‍സര്‍ ബാധിതരായ കുട്ടികളുടെ പ്രത്യാശാ-കേന്ദ്രമായ ഹോപ്പ് ഹോംസുകള്‍ രണ്ട് സ്ഥലങ്ങളില്‍ കൂടി ഉടന്‍ തുറക്കുമെന്ന് ഹോപ്പ് ചൈല്‍ഡ് കാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്‍ ഭാരവാഹികള്‍ ദുബായില്‍ അറിയിച്ചു. തിരുവനന്തപുരം, തൃശ്ശൂര്‍ ജില്ലകളിലാണ് പുതിയതായി രണ്ട് ഹോപ്പ് ഹോംസുകള്‍ തുറക്കുകയെന്ന് അണിയറ പ്രവര്‍ത്തകരായ ഹാരിസ് കാട്ടകത്ത്, ഷാഫി അല്‍ മുര്‍ഷിദി, ഡോ.സൈനുല്‍ ആബിദീന്‍ എന്നിവര്‍ പറഞ്ഞു. കോഴിക്കോട് രണ്ടിടത്തും, തലശ്ശേരി, കൊച്ചി എന്നീ സ്ഥലങ്ങളിലാണ് നിലവില്‍ ഹോപ്പ് ഹോംസുകള്‍ പ്രവര്‍ത്തിക്കുന്നത്. അര്‍ബുദ ബാധിതരായ കുരുന്നുകള്‍ക്കും, അവരുടെ കുടുംബങ്ങള്‍ക്കും ആവശ്യമായ ചികിത്സസഹായങ്ങളും മറ്റും നല്‍കുന്ന പ്രസ്ഥാനമാണ് ദുബായ് കേന്ദ്രമായുള്ള ഹോപ്പ് ചൈല്‍ഡ് കാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്‍.

കുട്ടികള്‍ക്ക് അര്‍ബുദരോഗത്തെ അതിജീവിക്കാനുള്ള ഏറ്റവും മികച്ച സാധ്യതകളാണ് ഹോപ്പ് തികച്ചും സൗജന്യമായി നല്‍കുന്നത്. രോഗികളായ കുരുന്നുകള്‍ക്കും, അവരുടെ കുടുംബങ്ങള്‍ക്കുമുള്ള താമസം, ചികിത്സാ സമയത്ത് ആവശ്യമായ മരുന്നുകള്‍, ഭക്ഷണം, വാഹന സൗകര്യങ്ങള്‍, ചികിത്സാ നിര്‍ദേശങ്ങള്‍, കാന്‍സറിനാല്‍ കുട്ടികള്‍ക്ക് അവരുടെ ബാല്യം നഷ്ടപ്പെടാതിരിക്കാനുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍, വിദ്യാഭ്യാസം, മറ്റു സര്‍ഗ്ഗാത്മക വേദികള്‍ എല്ലാം ഹോപ്പ് ഹോംസിലുടെ ഏകോപിപ്പിക്കുന്നുവെന്ന് സംഘാടകര്‍ വ്യക്തമാക്കി.

നല്ലവരായ സുമനസ്സുകളുടെ പിന്തുണയോടുകൂടിയാണ് ഹോപ്പ് പ്രവര്‍ത്തിച്ചുവരുന്നത്. ഇതിനകം കേരളത്തിലും ഗള്‍ഫിലും അടക്കം നൂറുകണക്കിന് കുട്ടികള്‍ക്ക് ആശ്വാസമേകാന്‍ ഇവരുടെ സേവനപ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞിട്ടുണ്ട്. 

2016 തുടക്കം കുറിച്ച ഈ പ്രസ്ഥാനത്തിലൂടെ നിരവധി ബാല്യങ്ങളാണ് അര്‍ബുദത്തിന്റെ ദുരിതങ്ങള്‍ മറികടന്ന് ജീവിതത്തിലേക്ക് തിരികെ എത്തിയത്. യുഎഇയിലുള്ളവര്‍ക്ക് ഹോപ്പിനെ കുറിച്ച് - കൂടുതല്‍ അറിയാന്‍ 0554656107 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.