അബുദാബി: അല്‍ ഗുവൈഫത് അതിര്‍ത്തി വഴി കടത്താന്‍ ശ്രമിച്ച 7440 കുപ്പി മദ്യം അബുദാബി കസ്റ്റംസ് വകുപ്പ് പിടിച്ചെടുത്തു. ഇരുമ്പുകമ്പികള്‍ കൊണ്ടുപോവുന്ന വലിയ ട്രക്കില്‍ കമ്പികള്‍ക്കിടയില്‍ പ്രത്യേക രീതിയിലാണ് കുപ്പികള്‍ സൂക്ഷിച്ചിരുന്നത്. പടിഞ്ഞാറന്‍ ഗുവൈഫത്തില്‍നിന്ന് അതിര്‍ത്തി കടന്ന് പോകാനുള്ള ശ്രമത്തിനിടയിലാണ് ട്രക്ക് പിടിച്ചെടുത്തതെന്ന് അബുദാബി കസ്റ്റംസ് ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍സ് അറിയിച്ചു.

സംശയംതോന്നിയതിനാല്‍ ട്രക്ക് തടഞ്ഞുവെച്ച് ഡ്രൈവറെ ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്ന് വാഹനം എക്‌സ്‌റേ യന്ത്രത്തില്‍ സ്‌കാന്‍ ചെയ്തപ്പോഴാണ് അതിവിദഗ്ദമായി തയ്യാറാക്കിയ അറകളില്‍ സൂക്ഷിച്ച മദ്യം കണ്ടെത്തിയത്.
 
ഏതുവിധത്തിലുള്ള അനധികൃത നീക്കങ്ങളും തടയാന്‍ പാകത്തിലുള്ള നൂതന സജ്ജീകരണങ്ങളാണ് കസ്റ്റംസിനുള്ളതെന്ന് ആക്ടിങ് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് ഖാദിം അല്‍ ഹമീലി പറഞ്ഞു.