ഷാര്‍ജ: ശരിയായപരിശീലനം, ഓരോനീക്കവും നിരീക്ഷിച്ച് നിര്‍ദേശം നല്‍കിയ അധ്യാപകര്‍, സഹായികളായി മുതിര്‍ന്ന വിദ്യാര്‍ഥികള്‍, കണക്കെടുപ്പുമായി ഗിന്നസ് റെക്കോഡിന്റെ നിരീക്ഷകര്‍ -ഒടുവില്‍ ആ പ്രഖ്യാപനം വന്നു... ഷാര്‍ജ ഇന്ത്യ ഇന്റര്‍നാഷനല്‍ സ്‌കൂളിലെ 4882 കുട്ടികള്‍ ചേര്‍ന്ന് പുതിയൊരു റെക്കോഡ് സ്ഥാപിച്ചിരിക്കുന്നു. തൊപ്പികള്‍ ആകാശത്തേക്ക് വലിച്ചെറിഞ്ഞും ആര്‍ത്തുവിളിച്ചും കുട്ടികള്‍ സന്തോഷം പങ്കിട്ടു. സ്‌കൂള്‍ അധികൃതരും അധ്യാപകരും ആ ആഹ്ലാദത്തില്‍ പങ്കുചേര്‍ന്നു. ശിശുദിനത്തില്‍ പിറന്ന പുതിയ ഗിന്നസ് റെക്കോഡ് യു.എ.ഇ.ക്കും അഭിമാനമായി.

യു.എ.ഇ. ദേശീയപതാകയുടെ നിറങ്ങളില്‍ വിദ്യാര്‍ഥികളെ ബോട്ടിന്റെ ആകൃതിയില്‍ അണിനിരത്തിയാണ് ഷാര്‍ജ ഇന്ത്യ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഗിന്നസ് റെക്കോഡ് സ്വന്തമാക്കിയത്. പന്ത്രണ്ടിലേറെ രാഷ്ട്രങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ യു.എ.ഇ. പതാകയുടെ നിറങ്ങളില്‍ അണിനിരന്നു. നാനാത്വത്തില്‍ ഏകത്വവും ലോകസമാധാനവും ഉദ്‌ഘോഷിക്കുന്ന പരിപാടിക്ക് സാക്ഷിയാകുവാന്‍ വിവിധമേഖലകളിലെ ധാരാളം പ്രമുഖരെത്തിയിരുന്നു. 2016 നവംബര്‍ അഞ്ചിന് ഹോങ്കോങ്ങില്‍ ദി ബ്രിട്ടീഷ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ഉള്‍പ്പെടെ 1325 പേരെ അണിനിരത്തി നേടിയ ഗിന്നസ് റെക്കോഡ് തിരുത്തിക്കുറിക്കുന്നത് നിരീക്ഷിക്കുവാന്‍ ഗിന്നസ് വേള്‍ഡ് റെക്കോഡ് പ്രതിനിധി അഹമ്മദ് ഗബര്‍ (ഈജിപ്ത്) മേല്‍നോട്ടം വഹിച്ചു.

സ്‌കൂള്‍ മൈതാനത്തിന്റെ വിവിധകോണുകളില്‍നിന്നായി വിവിധനിറങ്ങളിലുള്ള വസ്ത്രങ്ങളണിഞ്ഞെത്തിയ കുട്ടികള്‍ വരിവരിയായി അണിനിരന്ന് നേരത്തെ വരച്ചുണ്ടാക്കിയ കപ്പല്‍ രൂപത്തില്‍ ഇടംപിടിക്കുകയായിരുന്നു. കാലത്തെ കടുത്തവെയിലിനെ വെല്ലുവിളിച്ചുനിന്ന കുട്ടികളെ സാക്ഷിയാക്കി ആദ്യം പ്രാര്‍ഥന ഉയര്‍ന്നു. പിന്നെ യു.എ.ഇ.യുടെയും ഇന്ത്യയുടെയും ദേശീയഗാനാലാപനം. അതോടെ കൗണ്ട്ഡൗണ്‍. നിമിഷങ്ങളുടെ പിരിമുറുക്കം അവസാനിപ്പിച്ചുകൊണ്ട് ഗിന്നസ് പ്രതിനിധി റെക്കോഡ് പിറന്നുവെന്ന സന്ദേശം നല്‍കിയതോടെ കുട്ടികളുടെ ആര്‍പ്പുവിളി ഉയര്‍ന്നു. അധ്യാപകരും കൂടെച്ചേര്‍ന്നു. പിന്നെ വരിവരിയായി കുട്ടികള്‍ ക്ലാസിലേക്ക് മടങ്ങി.

പഠന പാഠ്യേതരരംഗങ്ങളില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ ആവിഷ്‌കരിച്ച് വൈജ്ഞാനികമുന്നേറ്റം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പെയ്‌സ് ഗ്രൂപ്പില്‍പ്പെട്ട ഇന്ത്യ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഈ പരിപാടി സംഘടിപ്പിച്ചതെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.

വിദ്യാഭ്യാസവിചക്ഷണനായ ഡോ. പി.എ. ഇബ്രാഹിം ഹാജിയുടെ കാര്‍മികത്വത്തിലാണ് ഗിന്നസ് റെക്കോഡിനുള്ള പദ്ധതികള്‍ നടപ്പാക്കിയത്. ഇന്ത്യ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഷാര്‍ജ അഡ്മിന്‍ മാനേജര്‍ സഫാ ആസാദ്, പ്രിന്‍സിപ്പല്‍ ഡോ. മഞ്ജു റെജി, ഹെഡ്മിസ്ട്രസ് ഷിഫാന മുഈസ് തുടങ്ങിയവര്‍ പദ്ധതിക്ക് ചുക്കാന്‍പിടിച്ചു. പെയ്‌സ് ഗ്രൂപ്പിന് കീഴില്‍ 20,000-ല്‍പരം വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. പെയ്‌സ് ഗ്രൂപ്പ് ഡയറക്ടര്‍മാരായ അഡ്വ. അസീഫ് മുഹമ്മദ്, സല്‍മാന്‍ ഇബ്രാഹിം, സുബൈര്‍ ഇബ്രാഹിം, അഡ്മിന്‍ മാനേജര്‍ സഫാ ആസാദ്, പ്രിന്‍സിപ്പല്‍ ഡോ. മഞ്ജു റെജി, അസി. ഡയറക്ടര്‍ അഡ്വ. എസ്. അബ്ദുള്‍കരീം, വൈസ് പ്രിന്‍സിപ്പല്‍ താഹിര്‍ അലി, ഹെഡ്മിസ്ട്രസ് ഷിഫാന മുഈസ്, ഐ.ടി. ഹെഡ് റഫീക്ക് റഹ്മാന്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വംനല്‍കി.