നെടുമ്പാശ്ശേരി: കേരളത്തില്‍നിന്ന് നേരിട്ട് സര്‍വീസ് നടത്തുന്ന വിമാന കമ്പനികള്‍ ഉയര്‍ന്ന നിരക്ക് ഈടാക്കുന്നതിനാല്‍ പ്രവാസികള്‍ പലരും കുവൈത്ത് യാത്ര കൊളംബോ വഴിയാക്കുന്നു. ശ്രീലങ്കന്‍ എയര്‍ലൈന്‍സില്‍ കൊളംബോയിലെത്തി അവിടെ നിന്ന് കുവൈത്തിലേക്ക് പോകുകയാണ് ചെയ്യുന്നത്. താരതമ്യേന കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് കിട്ടുമെന്നതിനാലാണിത്.

ഇപ്രകാരം യാത്ര ചെയ്യുന്നവരുടെ എണ്ണം കൂടിയതോടെ ശ്രീലങ്കന്‍ എയര്‍ലൈന്‍സിലും ടിക്കറ്റ് കിട്ടാത്ത അവസ്ഥയായി. കൊച്ചിയില്‍നിന്ന് ശ്രീലങ്കന്‍ എയര്‍ലൈന്‍സിന് കൊളംബോയിലേക്ക് ആഴ്ചയില്‍ മൂന്ന് സര്‍വീസുണ്ട്. എന്നാല്‍ കൊളംബോയില്‍നിന്ന് കുവൈത്തിലേക്ക് ശ്രീലങ്കന്‍ എയര്‍ലൈന്‍സിന് ഞായറാഴ്ച മാത്രമേ സര്‍വീസുള്ളൂ. അതിനാല്‍ ഈ വിമാനത്തില്‍ അടുത്ത ദിവസങ്ങളിലൊന്നും ടിക്കറ്റ് കിട്ടാത്ത അവസ്ഥയാണ്.

ജസീറ എയര്‍ലൈന്‍സ്, കുവൈത്ത് എയര്‍വേയ്സ്, ഇന്‍ഡിഗോ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നീ വിമാന കമ്പനികള്‍ കൊച്ചിയില്‍നിന്ന് കുവൈത്തിലേക്ക് നേരിട്ട് സര്‍വീസ് നടത്തുന്നുണ്ട്. എന്നാല്‍ ഈ വിമാനങ്ങളിലെല്ലാം ഉയര്‍ന്ന ടിക്കറ്റ് നിരക്കാണ്. ചില ദിവസങ്ങളില്‍ ഒരു ലക്ഷത്തിലധികമാണ് കൊച്ചി-കുവൈത്ത് നിരക്ക്. കൊച്ചിയില്‍നിന്ന് കുവൈത്തിലേക്ക് ആഴ്ചയില്‍ ആറ് സര്‍വീസുകളാണുള്ളത്. നാട്ടില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികള്‍ എങ്ങനെയും കുവൈത്തിലേക്കും മറ്റും മടങ്ങാനായി നെട്ടോട്ടത്തിലാണ്. ഇത് മുതലാക്കി ഉയര്‍ന്ന ടിക്കറ്റ് നിരക്ക് ഈടാക്കി ഗള്‍ഫ് മലയാളികളെ ചൂഷണം ചെയ്യുകയാണ് വിമാന കമ്പനികള്‍.

Content Highlights: Flight Kuwait Air ticket