ഫുജൈറ: ഭക്ഷണമോ താമസസൗകര്യമോ ഇല്ലാതെ വലഞ്ഞ മലയാളി മത്സ്യത്തൊഴിലാളികള്‍ക്ക് സാമൂഹിക പ്രവര്‍ത്തകര്‍ തുണയായി. മലപ്പുറം വള്ളിക്കുന്ന് സ്വദേശികളായ ആറ് തൊഴിലാളികളാണ് രണ്ടുമാസത്തെ യാതനകള്‍ക്കുശേഷം നാട്ടിലേക്ക് പോകാന്‍ തയ്യാറെടുക്കുന്നത്. ഫുജൈറ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് തൊഴില്‍ കോടതിയെ സമീപിച്ചതും ആവശ്യമായ നടപടികള്‍ കൈക്കൊണ്ടതും.

ലേബര്‍ കോടതിയിലെ ഒത്തുതീര്‍പ്പിനെത്തുടര്‍ന്ന് വ്യാഴാഴ്ച ഇവരുടെ വിസ റദ്ദാക്കി. വരുംദിവസങ്ങളില്‍ നാട്ടിലേക്ക് പോകാനുള്ള സംവിധാനമൊരുക്കും. സക്കീര്‍, അബ്ദുല്‍ ജലീല്‍, ഹുസ്സൈന്‍, ഇര്‍ഫാന്‍, ശഫീഖ്, ഉബൈദുള്ള എന്നിവര്‍ ജനുവരി 25-നും ഫെബ്രുവരി പത്തിനും ഇടയിലാണ് യു.എ.ഇ.യിലെത്തിയത്. സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മത്സ്യബന്ധനബോട്ടിലായിരുന്നു ജോലി. എന്നാല്‍, കഠിനമായ ജോലിയും പരിതാപകരമായ താമസസൗകര്യവും ഭക്ഷണത്തിനുപോലും വക കണ്ടെത്താനാകാത്തതും തൊഴിലാളികളെ വലച്ചു.

കിട്ടുന്ന വരുമാനത്തിന്റെ പാതി തൊഴിലാളികള്‍ക്ക് നല്‍കുമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍, വല വീശിപ്പിടിക്കുന്നതിന് പകരം ചൂണ്ടയിടാനായിരുന്നു ഉടമ നിഷ്‌കര്‍ഷിച്ചിരുന്നത്. ഇതുകാരണം വളരെ തുച്ഛമായ തുകയേ മത്സ്യം വിറ്റ് ലഭിച്ചിരുന്നുള്ളൂ. വൈകുന്നേരം നാല് മുതല്‍ പിറ്റേന്ന് വെളുക്കുന്നതുവരെ ഇരിക്കുകപോലും ചെയ്യാതെ ചൂണ്ടയിടേണ്ട അവസ്ഥയായിരുന്നു.

താമസസ്ഥലത്ത് വൈദ്യുതിയോ വെള്ളമോ ഉണ്ടായിരുന്നില്ല. ശമ്പളം ലഭിക്കാത്തതിനാല്‍ ഭക്ഷണത്തിന് വകയില്ലാതെ പൈപ്പ് വെള്ളം കുടിച്ച് ദിവസങ്ങള്‍ തള്ളിനീക്കേണ്ടി വന്നു. സംഘത്തിലൊരാള്‍ മകന്റെ ശസ്ത്രക്രിയയ്ക്് കരുതിവെച്ച തുകയാണ് വിസാനടപടികള്‍ക്കായി നാട്ടില്‍ നല്‍കിയത്. മലയാളിയായ ഇടനിലക്കാരന്‍ മുഖേനയാണ് ഇവര്‍ വന്നത്.

ഒരിക്കല്‍ ലഭിച്ച 1,200 ദിര്‍ഹം വീതം വെച്ച് നാട്ടിലേക്ക് ടിക്കറ്റെടുത്ത് പോകാനിരിക്കെ, ബോട്ടുടമ വിവരം അറിഞ്ഞ് പാസ്‌പോര്‍ട്ട് വാങ്ങിവെച്ചു. ഇതേത്തുടര്‍ന്നാണ് ഇവര്‍ സോഷ്യല്‍ ക്ലബ്ബിനെ സമീപിച്ചത്. തുടര്‍ന്ന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇവരുടെ വിസ റദ്ദാക്കി നല്‍കാന്‍ ഫുജൈറ തൊഴില്‍ കോടതിയില്‍വെച്ച് ഒത്തുതീര്‍പ്പിലെത്തി. തുടര്‍ന്ന് തൊഴിലുടമ വിസയ്ക്കായി ചെലവാക്കിയ തുക ക്ലബ്ബ് തിരികെ നല്‍കി. ക്ലബ്ബ് പ്രസിഡന്റ് പുത്തൂര്‍ റഹ്മാന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രശ്‌നപരിഹാരത്തിനായി മുന്നിട്ടിറങ്ങിയത്.