ദുബായ്: ഇന്ത്യയുടെ ഫെലൂദ കൊവിഡ് ടെസ്റ്റ് യുഎഇയും പ്രയോജനപ്പെടുത്തിയേക്കും. ദുബായില്‍ ആരോഗ്യ മേഖലയിലെ സഹകരണം ശക്തിപ്പെടുത്താനുള്ള ഇന്ത്യ യുഎഇ സംയുക്ത ഹെല്‍ത്ത് കെയര്‍ കോണ്‍ഫറന്‍സിലാണ് ചെലവു കുറഞ്ഞതും മുക്കാല്‍ മണിക്കൂറിനുള്ളില്‍ ഫലം ലഭിക്കുന്നതുമായ ഇന്ത്യയുടെ ഫെലൂദ കൊവിഡ് 19 പരിശോധനാ കിറ്റ് ചര്‍ച്ചയായത്. ടാറ്റാ മെഡിക്കല്‍ ആന്‍ഡ് ഡയഗണോസ്റ്റിക് ചീഫ് എക്സിക്യൂട്ടീവ് ഗിരീഷ് കൃഷ്ണമൂര്‍ത്തിയാണ് ഫെലുദയെ കോണ്‍ഫറന്‍സില്‍ പരിചയപ്പെടുത്തിയത്. ഗര്‍ഭധാരണ പരിശോധന നടത്തുന്നതിന് സമാനമായ സ്ട്രിപ്പ് ഉപയോഗിച്ച് എളുപ്പത്തില്‍ ചിലവു കുറഞ്ഞ രീതിയില്‍ ഫലം അറിയാമെന്നതാണ് ഫെലൂദയുടെ പ്രത്യേകത. 500 രൂപയാണ് ഇതിന്റെ വില. വിഖ്യാത ചലചിത്രകാരന്‍ സത്യജിത് റേയുടെ കഥകളിലെ ഡിറ്റക്ടീവ് കഥാപാത്രത്തിന്റെ പേരാണ് ഫെലൂദ. ഒരു മാസത്തിനകം കിറ്റ് ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകുമെന്നാണ് റിപ്പോട്ട്.

ഫെലൂദ ടെസ്റ്റ് യാഥാര്‍ത്ഥ്യമാക്കുന്നതിനായി പ്രവര്‍ത്തിച്ച ഡോ.ഗിരീഷ് കൃഷ്ണമൂര്‍ത്തിയെ കോണ്‍സുല്‍ ജനറല്‍ ഡോ.അമന്‍പുരി അഭിനന്ദിച്ചു. യുഎഇയില്‍ കിറ്റ് എത്രയും വേഗം ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പ്രസ് കോണ്‍സുല്‍ നീരജ് അഗര്‍വാളും പ്രതികരിച്ചു.