ഷാര്‍ജ: ഷാര്‍ജയുടെ വിനോദസഞ്ചാര മേഖലയിലെ പ്രധാന ആകര്‍ഷണമായ 'ഐ ഓഫ് ദി എമിറേറ്റ് 'എന്ന യന്ത്രഊഞ്ഞാല്‍ അല്‍ കസബയില്‍നിന്ന് അല്‍ മൊന്തസ പാര്‍ക്കിലേക്ക് മാറ്റുന്നു. 13 വര്‍ഷത്തിനുശേഷമാണ് വിനോദസഞ്ചാരികളുടെ ആകര്‍ഷണമായ യന്ത്രഊഞ്ഞാല്‍ പുതിയ സ്ഥലത്തേക്ക് മാറുന്നത്.

അതോടനുബന്ധിച്ച് സമീപത്തുള്ള മറ്റ് പ്രധാന ആകര്‍ഷണകേന്ദ്രങ്ങളായ സെന്റര്‍ സൂഖ്, അല്‍ ജുബൈല്‍ സൂഖ്, അല്‍ മജാസ് വാട്ടര്‍ ഫ്രണ്ട്, ഖാലിദ് ലഗൂണ്‍, ദി ഫ്‌ലാഗ് ഐലന്‍ഡ്, അല്‍ നൂര്‍ ഐലന്‍ഡ്, അല്‍ നൂര്‍ പള്ളി നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങിയവയും വിനോദസഞ്ചാരികളെ ആകര്‍ഷിക്കും.

യന്ത്രഊഞ്ഞാല്‍ അല്‍ മൊന്തസ പാര്‍ക്കിലേക്ക് മാറ്റാന്‍ നിര്‍ദേശം നല്‍കുകവഴി വിനോദസഞ്ചാരമേഖലയ്ക്ക് വലിയ നേട്ടമാണ് ലഭിക്കുകയെന്ന് ഷാര്‍ജ നിക്ഷേപവികസന അതോറിറ്റി (ഷുറൂഖ്) സി.ഇ.ഒ. മര്‍വാന്‍ ബിന്‍ ജാസിം അല്‍ സര്‍ക്കല്‍ പറഞ്ഞു. 2005-ലാണ് ഷാര്‍ജയുടെ പ്രധാന അടയാളമായ 'ഐ ഓഫ് ദി എമിറേറ്റ് ' കസബയില്‍ പ്രവര്‍ത്തനമാരംഭിച്ചത്. ഇടയ്ക്ക് പുനര്‍നിര്‍മ്മാണം നടത്തിയ ഇതിന് 60 മീറ്റര്‍ ഉയരവും 42 കാബിനുകളുമാണുള്ളത്.