അബുദാബി: ഇത്തിഹാദ് എയര്‍വേസ് തുടര്‍ച്ചയായ നാലാംതവണയും ട്രാവല്‍ ട്രേഡ് ഗസറ്റിന്റെ (ടി.ടി.ജി.) മികച്ച സേവനത്തിനുള്ള എയര്‍ലൈന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം സ്വന്തമാക്കി.
 
യു.കെ.യിലെ പ്രമുഖ ട്രാവല്‍ ഏജന്‍സി നല്‍കുന്ന മികവിന്റെ പുരസ്‌കാരമേറ്റുവാങ്ങാന്‍ കഴിഞ്ഞത് ഏറെ അഭിമാനം പകരുന്ന നിമിഷമാണെന്ന് ലണ്ടനില്‍ നടന്ന ചടങ്ങില്‍ ഇത്തിഹാദ് എയര്‍വേസ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് മുഹമ്മദ് അല്‍ ബുലൂക്കി പറഞ്ഞു.
 
പ്രവര്‍ത്തന രംഗത്ത് കൂടുതല്‍ കാര്യക്ഷമമാവാനുള്ള ഉത്തരവാദിത്വമാണ് പുരസ്‌കാരം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. എയര്‍വേസിന്റെ കഴിഞ്ഞ 12 മാസത്തെ പ്രവര്‍ത്തനങ്ങളും സേവനങ്ങളും സൂക്ഷ്മമായി വിലയിരുത്തിയാണ് പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്.