വികസനം, വികസനം എന്ന മുദ്രാവാക്യമാണ് കുറെക്കാലമായി നാടിനുവേണ്ടി എല്ലാ സംഘടനകളും ഉന്നയിച്ചിരുന്നത്. അതിന്റെ ഗുണം നാട്ടിന്‍പുറത്തുപോലും ദൃശ്യമായിട്ടുണ്ട്. എല്ലാരംഗത്തും വന്ന പുരോഗതിയില്‍ പ്രവാസി സംഘടനകളുടെ പങ്ക് ഏറെ വലുതാണ്. സമ്മര്‍ദ ശക്തിയായും സാമ്പത്തിക ശക്തിയായുമൊക്കെ ഈ സംഘടനകളും വ്യക്തികളും എല്ലായിടത്തും ഉണ്ടായിരുന്നു. നാടിന്റെ സാമ്പത്തിക വ്യവസ്ഥിതിക്ക് നല്‍കുന്ന ഗണ്യമായ സംഭാവനയ്ക്ക് ഒപ്പംതന്നെയായിരുന്നു ഈ വഴിയിലുള്ള സംഭാവനകളും. എന്നാല്‍ അടുത്തകാലത്തായി ചില വിഷയങ്ങളില്‍ സംഘടനകളും വ്യക്തികളുമെല്ലാം പരസ്​പരം പാര പണിയുന്നുണ്ടോ? ഉണ്ടെന്നാണ് ചില ദോഷൈക ദൃക്കുകളുടെ കണ്ടെത്തല്‍.
 
enthapanaകരിപ്പൂരിനെ തിരികെ വേണം എന്ന ആശയമുയര്‍ത്തി നടക്കുന്ന സമരങ്ങളില്‍പ്പോലും ഇത്തരത്തിലുള്ള അണിയറ വര്‍ത്തമാനങ്ങള്‍ ഉണ്ടെന്നാണ് ചിലര്‍ പറയുന്നത്. പ്രവാസി സംഘടനകളുടെയും പ്രവാസികളുടെയും ശക്തമായ സമ്മര്‍ദങ്ങളുടെയും ഇടപെടലുകളുടെയും കൂടി ബലത്തിലാണ് കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളും ഇന്നത്തെ നിലയില്‍ എത്തിയത്. കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളുടെ കാര്യത്തില്‍ തുടക്കം മുതല്‍ പ്രവാസി പ്രമുഖരും സംഘടനകളും രംഗത്തുണ്ടായിരുന്നു. എന്നാല്‍ കോഴിക്കോടും കരിപ്പൂരും വിമാനത്താവളത്തിന്റെ പേരില്‍ ഇന്ന് സമരത്തിന്റെ വേദിയായിട്ടുണ്ട്. കരിപ്പൂരിനെ തിരികെ വേണം എന്ന മുദ്രാവാക്യവുമായി കോഴിക്കോട്ട് നടക്കുന്ന ബോധവത്കരണത്തിന്റെയും സമരങ്ങളുടെയും മുന്നില്‍ നില്‍ക്കുന്നത് പ്രവാസി സംഘടനാ നേതാക്കളാണ്.
 
റണ്‍വേ നവീകരണത്തിന്റെ പേരില്‍ താത്കാലികമായി അടച്ചിട്ട വിമാനത്താവളത്തില്‍ പണി കഴിഞ്ഞിട്ടും വലിയ വിമാനങ്ങള്‍ പറന്നിറങ്ങുന്നില്ല എന്നതാണ് ഇപ്പോഴത്തെ സമരത്തിന്റെ പ്രധാന കാരണം. റണ്‍വേയുടെ നീളം കൂട്ടാതെ പറ്റില്ലെന്ന് അധികൃതര്‍ പറയുന്നു. ഇതേ നീളത്തില്‍ത്തന്നെ നേരത്തേ ഇറങ്ങിയിട്ടുണ്ടല്ലോ എന്ന മറുചോദ്യം ഇതോടൊപ്പം ഉയരുന്നു.  അതേസമയം ഇനിയും വിമാനത്താവളത്തിന്റെ പേരില്‍ കുടിയൊഴിപ്പിക്കാന്‍ നിന്നുകൊടുക്കില്ലെന്ന് പറഞ്ഞ് പ്രാദേശികമായി ചെറുത്തുനില്‍പ്പുകളും ശക്തമായിത്തന്നെ നില്‍ക്കുന്നു. ഇതിനിടയിലാണ് കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ഥ്യത്തിലേക്ക് നീങ്ങുന്നത്. അടുത്ത ഏപ്രിലോടെ, എളുപ്പത്തില്‍ പറഞ്ഞാല്‍ ആറുമാസത്തിനപ്പുറം കണ്ണൂരില്‍ വിമാനമിറങ്ങും എന്ന നിലയിലേക്ക് കാര്യങ്ങള്‍ പുരോഗമിക്കുന്നു.
 
വിമാനക്കമ്പനികള്‍ ഏതാനും സര്‍വീസുകള്‍ കണ്ണൂരിനായി ഇപ്പോള്‍ത്തന്നെ ഷെഡ്യൂള്‍ ചെയ്തു കഴിഞ്ഞതായും അറിയുന്നു.
കണ്ണൂരിനും നെടുമ്പാശ്ശേരിക്കും വേണ്ടി കോഴിക്കോടിനെ തഴയുന്നു, ചിലര്‍ അതിന് കൂട്ടുനില്‍ക്കുന്നു എന്നതാണ് ഇപ്പോഴത്തെ ചില ആരോപണങ്ങള്‍. കണ്ണൂര്‍ വിമാനത്താവളം വെറും ആശയം മാത്രമായി ആദ്യകാല പ്രവര്‍ത്തനം നടക്കുമ്പോള്‍ കണ്ണൂരുകാരുടെ പരാതി കോഴിക്കോട്ടുകാരെ കുറിച്ചായിരുന്നു. കോഴിക്കോട്ടെ നേതാക്കളും വ്യവസായ പ്രമുഖരുമൊക്കെ ചേര്‍ന്നാണ് കണ്ണൂരിനെ ഒതുക്കുന്നത് എന്നായിരുന്നു അന്നത്തെ പരാതികള്‍. ഇതിന്റെ പേരില്‍ പല നേതാക്കള്‍ക്കും നേരേ ചെളി വാരിയെറിഞ്ഞവരുമുണ്ട്. കാലചക്രം തിരിയുമ്പോള്‍ ഇപ്പോള്‍ കണ്ണൂരിനെ കുറിച്ചായിരിക്കുന്നു പരാതികള്‍. കണ്ണൂരിനും നെടുമ്പാശ്ശേരിക്കുംവേണ്ടി കോഴിക്കോട് വിമാനത്താവളത്തെ ഞെക്കിയും നക്കിയും കൊല്ലാന്‍ ചിലര്‍ ശ്രമിക്കുന്നു എന്നാണ് ഇപ്പോഴത്തെ കുറ്റപ്പെടുത്തല്‍.

ഒരു പദ്ധതി യാഥാര്‍ഥ്യമായി വരാന്‍ കടമ്പകള്‍ ഒരുപാട് കടക്കാനുണ്ട്. പലപ്പോഴും കാര്യമറിയാതെയാണ് പലരും പലരെയും പ്രതിക്കൂട്ടില്‍ നിര്‍ത്താറുമുള്ളത്. ഇപ്പോള്‍ വിമാനത്താവളത്തിന്റെ പേരില്‍ നടക്കുന്ന കുശുകുശുപ്പുകളും ഇത്തരത്തിലുള്ളതാണെന്നാണ് മിക്കവരും പറയുന്നത്. കോഴിക്കോടിനെ തകര്‍ത്ത് കണ്ണൂരിനോ കണ്ണൂരിനെ വീഴ്ത്തി കോഴിക്കോടിനോ മുന്നോട്ടുപോകാനാവില്ല. ഗള്‍ഫ് സെക്ടര്‍ മാത്രമല്ല, ഇന്ന് വിമാനക്കമ്പനികള്‍ ലക്ഷ്യം വെക്കുന്നത്. കരിപ്പൂരില്‍ നിന്ന് സര്‍വീസ് നടത്തിയിരുന്ന എമിറേറ്റ്‌സ് എയര്‍ലൈന്‍സിന് നെടുമ്പാശ്ശേരിയിലേക്ക് മാറിയപ്പോള്‍ ഗള്‍ഫിനപ്പുറത്തേക്കും കൂടുതല്‍ യാത്രക്കാരെ കിട്ടിയെന്നാണ് അവരുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. അമേരിക്കയ്ക്കും യൂറോപ്പിലുമൊക്കെ പറക്കേണ്ടവര്‍ക്ക് ദുബായ് വഴി പോകാനുള്ള സൗകര്യമാണ് നെടുമ്പാശ്ശേരിയിലേക്ക് മാറിയപ്പോള്‍ കിട്ടിയതെന്നാണ് അവരുടെ നിഗമനം.
 
യൂറോപ്പിലേക്കും അമേരിക്കയിലേക്കുമുള്ള യാത്രക്കാര്‍ ഏറെയും ആ ഭാഗത്ത് നിന്നുള്ളതായതാണത്രെ ഇതിന് പ്രധാന കാരണം. അതേസമയം കോഴിക്കോട്ടേക്കും മംഗലാപുരത്തേക്കുമൊക്കെയുള്ള ഗള്‍ഫ് സര്‍വീസുകള്‍ എല്ലാ വിമാനക്കമ്പനികള്‍ക്കും സീസണ്‍ ഭേദമില്ലാതെ തന്നെ ഇപ്പോള്‍ നല്ല ബിസിനസ്സ് നല്‍കുന്നു. മൂന്ന് സ്വകാര്യ വിമാനക്കമ്പനികളാണ് ഈമാസവും അടുത്തമാസവുമായി കേരളത്തിലേക്ക് പുതിയ മൂന്ന് സര്‍വീസുകള്‍ ആരംഭിക്കാന്‍ പോകുന്നത്. ജോലിതേടി മാത്രമല്ല, വിനോദ സഞ്ചാരികളായും ധാരാളം പേര്‍ ഗള്‍ഫിലേക്ക് പോകുന്നുണ്ട്. നൂറുകണക്കിനാളുകള്‍ നിത്യേന സഞ്ചാരികളായി ഗള്‍ഫ് നാടുകളില്‍ നിന്ന് കേരളത്തിലും വന്നിറങ്ങുന്നുണ്ട്. കേരളത്തില്‍ ഹെല്‍ത്ത് ടൂറിസം പച്ചപിടിക്കുന്നതും അതുകൊണ്ടുതന്നെ. കണ്ണൂരില്‍ വിമാനം ഇറങ്ങുന്നതിന് മുമ്പ് തന്നെ രണ്ടോ മൂന്നോ വന്‍കിട ആസ്​പത്രികളുടെ നിര്‍മാണം അവിടെ ആരംഭിച്ചുകഴിഞ്ഞു.

ഒന്ന് ചീയുന്നത് മറ്റൊന്നിന് വളമാകും എന്നത് പണ്ടേയുള്ള പഴമൊഴിയാണ്. എന്നാല്‍ വിമാനത്താവളത്തിന്റെ കാര്യത്തില്‍ കേരളം അത് ശരിവെക്കുമെന്ന് തോന്നുന്നില്ല. വിദേശയാത്രകളെന്നപോലെത്തന്നെ ആഭ്യന്തര സര്‍വീസുകളും കേരളത്തില്‍ തഴച്ചുവളരുകയാണ്. തീവണ്ടികളില്‍ വിമാനങ്ങളിലുള്ളതുപോലെ ഫ്‌ളക്‌സി നിരക്കുകള്‍ നിലവില്‍ വന്നതോടെ ഇത്തരം യാത്രകള്‍ക്ക് വിമാനം തിരഞ്ഞെടുക്കുന്നവരുടെ എണ്ണം കൂടാനാണ് സാധ്യത. അത്തരത്തിലാണ് നാട്ടിലെ കാര്യങ്ങളുടെ പോക്ക്. യാഥാര്‍ഥ്യം ഇതായിരിക്കെ അഭ്യൂഹങ്ങളുടെ പേരില്‍ പരസ്​പരം പഴിചാരാനും ആക്ഷേപിക്കാനും പ്രവാസി സംഘടനകളും വ്യക്തികളും മുതിരരുത്. കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളും മികച്ച രീതിയില്‍ തന്നെ മുന്നോട്ടുപോകാനുള്ള സാധ്യതകളാണ് എല്ലായിടത്തും ഉള്ളത്. അതേസമയം വന്നിറങ്ങുന്നവര്‍ക്ക് മികച്ച സേവനം ലഭ്യമാക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളാണ് നാം അവിടങ്ങളില്‍ ഒരുക്കിക്കൊടുക്കേണ്ടത്.

നാം അവിടംവരെ സ്വയം തള്ളിക്കൊണ്ടു എത്തിക്കന്ന ബാഗേജുകള്‍ കാറിന്റെ ഡിക്കിയിലേക്ക് കയറ്റിവെക്കാനുള്ള അവകാശവും വിദേശകറന്‍സിക്കായി വട്ടമിട്ടു പറക്കുന്ന ഏജന്റുമാരുടെ ചുറ്റിക്കളിയുമൊക്കെ ഏതൊരു വിദേശ സഞ്ചാരിയുടെയും മനസ്സിനെ അലോസരപ്പെടുത്തും. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ചെന്നിറങ്ങുമ്പോള്‍ അതിനനുസരിച്ച പെരുമാറ്റവും പ്രതികരണവുമാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. അത്തരത്തില്‍ സ്വന്തം വിമാനത്താവളങ്ങളിലെയും റോഡുകളിലെയും പെരുമാറ്റങ്ങള്‍ കൂടി മാറ്റിയെടുക്കാനാവണം പ്രവാസി സംഘടനകള്‍ ശ്രമിക്കേണ്ടത്. അതിന് കൂടിയാവട്ടെ ഇനിയുള്ള പ്രവര്‍ത്തനങ്ങള്‍.