ദുബായ്: ഇന്ത്യയടക്കമുള്ള 5 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സന്ദര്‍ശക വിസ നിയമങ്ങള്‍ കര്‍ശനമാക്കിയെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍  നിഷേധിച്ച് ദുബായ്. മടക്കയാത്രയ്ക്ക് ഡമ്മി ടിക്കറ്റ് ഹാജരാക്കിയവരെയാണ് തിരിച്ചയച്ചതെന്ന് ജിഡിആര്‍എഫ്എ അറിയിച്ചു.

വിനോദസഞ്ചാര വിസയിലെത്തിയ ഇവരുടെ ഹോട്ടല്‍ റിസര്‍വേഷന്റെ  രേഖകള്‍ക്ക് സാധുതയില്ലായിരുന്നു. വ്യവസ്ഥകള്‍ പാലിക്കാതെ സന്ദര്‍ശക വിസയില്‍ എത്തിയ തൊഴില്‍ അന്വേഷകരെയാണ് തിരിച്ചയച്ചത്. സന്ദര്‍ശക വിസയിലെത്തുന്നവരില്‍ നിന്ന്  നിരവധി കാര്യങ്ങള്‍ ദുബായ് ഇമിഗ്രേഷന്‍ വിഭാഗം ചോദിച്ചറിയുന്നുണ്ട്. ഇതില്‍ തൃപ്തികരമല്ലാത്ത മറുപടി നല്‍കുന്നവര്‍ക്കാണ് പ്രവേശനം നിഷേധിക്കുന്നത്. 

ദുബായ് സന്ദര്‍ശിക്കാനും  ബന്ധുക്കളെ കാണാനും എത്തിയതെന്നായിരുന്നു  സന്ദര്‍ശക  വിസയിലെത്തിയ ചിലര്‍ ചോദ്യത്തിനുത്തരമായി നല്‍കിയത്. എന്നാല്‍ അന്വേഷണത്തില്‍ ഇത് തെറ്റെന്ന് തെളിഞ്ഞു. ദുബായില്‍ യാത്രയ്ക്കുള്ള പണം പോലും പലരുടെയും പക്കല്‍ ഉണ്ടായിരുന്നില്ല.  വിനോദ സഞ്ചാരികളല്ലെന്ന് പരിശോധിച്ച് ഉറപ്പു വരുത്തിയ ശേഷമാണ് തിരിച്ചയച്ചതെന്ന് ഇമിഗ്രേഷന്‍ വ്യക്തമാക്കി. ചിലവിന് പോലും പണം ഇല്ലാതെയാണ് പലരും എത്തിയത്.

ദുബായ് വിമാനത്താവളത്തിലെത്താന്‍  സന്ദര്‍ശക വിസക്കാര്‍  2000 ദിര്‍ഹം കരുതണമെന്ന നിബന്ധന ജിഡിആര്‍എഫ്എ പുറത്തിറക്കിയിട്ടില്ലെന്നും, ആരുടെയും ബാങ്ക് വിവരങ്ങള്‍ വകുപ്പ് തേടിയിട്ടില്ലെന്നും ജിഡിആര്‍എഫ്എയിലെ ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഈ മാസം 13 മുതല്‍ ഇതുവരെയായി 250 ഇന്ത്യക്കാരെയാണ് മാനദണ്ഡങ്ങള്‍ പാലിക്കാതെ എത്തിയതിന് തിരിച്ചയച്ചതെന്ന് അധികൃതര്‍ അറിയിച്ചു.