ദുബായ്: അനധികൃതമായി പരസ്യപോസ്റ്ററുകള്‍ പതിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടി കൈക്കൊള്ളുമെന്ന് റാക് സാമ്പത്തികവികസന വകുപ്പിന്റെ മുന്നറിയിപ്പ്. നിയമലംഘകര്‍ക്ക് 2,000 മുതല്‍ 10,000 ദിര്‍ഹം വരെ ചുമത്തും.
കുറ്റം ആവര്‍ത്തിക്കുന്നവര്‍ക്കെതിരെ കൂടുതല്‍ കര്‍ശനനടപടി കൈക്കൊള്ളുമെന്നും ഉപഭോക്തൃസംരക്ഷണവിഭാഗം മാനേജര്‍ അഹമ്മദ് അലി അല്‍ ബലൂഷി അറിയിച്ചു. നിയമലംഘനം ആവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നതടക്കമുള്ള നടപടികള്‍ കൈക്കൊള്ളും.
വീടുകളുടെ മതിലിലും മറ്റുമായി പരസ്യ പോസ്റ്ററുകള്‍ പതിക്കുന്നതായി നിരവധിപരാതികളാണ് ലഭിക്കുന്നത്. കാര്‍ ലിഫ്റ്റ്, സ്വകാര്യ ട്യൂഷന്‍, ബെഡ് സ്‌പേസ്, കീടനാശിനിതളിക്കല്‍ തുടങ്ങിയവയ്ക്കുള്ള പരസ്യങ്ങളാണ് പ്രത്യക്ഷപ്പെടുന്നത്. ഇത്തരം പരസ്യങ്ങള്‍ നഗരസൗന്ദര്യത്തിന് കളങ്കം വരുത്തുന്നുവെന്ന് മാത്രമല്ല, കുറ്റകൃത്യങ്ങള്‍ക്ക് വഴിവെക്കുന്നവ കൂടിയാണ്. മോഷ്ടാക്കള്‍ക്ക് അവസരങ്ങള്‍ നല്‍കുന്നതാണിത്.
ഇതെക്കുറിച്ച് പരസ്യക്കമ്പനികള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിയമം ലംഘിച്ച അഞ്ചുകമ്പനികള്‍ക്ക് വകുപ്പ് പിഴ ചുമത്തിയിട്ടുണ്ട്. നഗരത്തില്‍ പലയിടങ്ങളിലായി കാണപ്പെട്ട പരസ്യ പോസ്റ്ററുകള്‍ നീക്കം ചെയ്തതായും അല്‍ ബലൂഷി അറിയിച്ചു.