ദുബായ്: യു.എ.ഇ.യുടെ പൈതൃകവും സംസ്‌കാരവും വികസനവും പ്രതിഫലിക്കുന്ന ദൃശ്യങ്ങളുമായി ചൈനയിലെ യു.എ.ഇ. പാര്‍ക്ക് ഡിസംബറില്‍ തുറക്കും. തെക്കന്‍ ചൈനയിലെ നന്നിങ്ങിലാണ് 1700 ചതുരശ്രമീറ്റര്‍ സ്ഥലത്ത് യു.എ.ഇ. പാര്‍ക്ക് വരുന്നത്.

ചൈന എക്‌സ്‌പോ 2018-ല്‍ യു.എ.ഇ.യെ പ്രതിനിധീകരിക്കുന്ന ദുബായ് മുനിസിപ്പാലിറ്റിയുടെ പങ്കാളിത്തത്തോടെ രൂപകല്‍പ്പന ചെയ്ത പദ്ധതിയാണിത്. യു.എ.ഇ. കൈവരിച്ച വികസനനേട്ടങ്ങളെല്ലാം പാര്‍ക്കിന്റെ ഡിസൈനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുനിസിപ്പാലിറ്റിയുടെ ജനറല്‍ പ്രോജക്ടസ് വിഭാഗം തലവന്‍ മര്‍വാന്‍ അല്‍ മുഹമ്മദ് പറഞ്ഞു. ദുബായ് എക്‌സ്‌പോ 2020 ലോഗോയുടെ മാതൃക പാര്‍ക്കിന്റെ മധ്യത്തില്‍ സ്ഥാനം നേടിയിട്ടുണ്ട്.

വെര്‍ച്വല്‍ റിയാലിറ്റി സാങ്കേതികത വഴി സന്ദര്‍ശകര്‍ക്ക് യു.എ.ഇ.യുടെ വാസ്തുവിദ്യാ മികവിനെക്കുറിച്ചു മനസ്സിലാക്കാന്‍ സാധിക്കും. ജലസേചനത്തിനുള്ള ചെറിയ തോടും മണ്‍പാത്രവും മരപ്പാലവും തുടങ്ങി അറബ് ഗോത്ര പാരമ്പര്യം വിളിച്ചോതുന്ന ടെന്റാണ് പാര്‍ക്കിന്റെ മറ്റൊരാകര്‍ഷണം. സ്‌കൈലൈന്‍ ഫൗണ്ടനും ലോഹത്തില്‍ തീര്‍ത്ത ബുര്‍ജ് ഖലീഫയും ശൈഖ് സായിദ് മോസ്‌ക്കുമെല്ലാം യു.എ.ഇ.യുടെ വളര്‍ച്ചയുടെയും നഗരവികസനത്തിന്റെയും കാഴ്ചകളാകും. ഇതുകൂടാതെ ഒരു മിനി ഔട്ട്‌ഡോര്‍ തിയറ്ററും ഇവിടെ ഒരുങ്ങും. യു .എ.ഇ.യുടെ പ്രധാന ദേശീയ ആഘോഷങ്ങളുടെ തത്സമയ പ്രദര്‍ശനത്തിനായി ഇവിടെ സ്‌ക്രീനുകളും സജ്ജമാക്കിയിട്ടുണ്ട്. യു.എ.ഇ.യുടെ ആഗോള നഗരവികസനത്തെ ഉയര്‍ത്തിക്കാട്ടുന്നതും വാസ്തുവിദ്യ, എന്‍ജിനീയറിങ് രംഗങ്ങളിലെ വൈദഗ്ധ്യം പ്രദര്‍ശിപ്പിക്കുന്നതുമാണ് പദ്ധതി.