ദുബായ്: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഡിസംബര്‍ 31-നും ജനുവരി ഒന്നിനും പൊതുവാഹനങ്ങള്‍ ഉപയോഗിച്ചത് 32 ലക്ഷം പേരാണ്. മെട്രോ, ട്രാം, ബസ്, ജലയാനങ്ങള്‍, ടാക്‌സി എന്നീ പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിച്ച് യാത്രചെയ്തവരുടെ കണക്ക് ദുബായ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ.) പുറത്തുവിട്ടു.

ദുബായ് നിവാസികളുടെ പ്രിയവാഹനങ്ങളില്‍ ഒന്നാംസ്ഥാനം മെട്രോക്ക് തന്നെ. 12,88,316 പേരാണ് ഈ രണ്ടുദിവസങ്ങളില്‍ മെട്രോയില്‍ യാത്രചെയ്തത്. ടാക്‌സിയില്‍ യാത്രചെയ്തത് 10,98,592 പേരാണ്. പബ്ലിക് ബസുകളില്‍ യാത്രചെയ്തത് 7,22,572 പേരും ഫെറിയും അബ്രയും ഉള്‍പ്പെടെയുള്ള ജലയാനങ്ങളില്‍ സവാരി നടത്തിയത് 1,24,159 പേരുമാണ്. ട്രാം യാത്രക്കാരുടെ എണ്ണമാകട്ടെ 53,234 ആണ്.

മൊത്തം 32,86,873 പേരാണ് വിവിധ പൊതുവാഹനങ്ങളില്‍ യാത്രചെയ്തത്. അവധി ദിനങ്ങളില്‍ പൊതു ഗതാഗതസൗകര്യങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുകയാണെന്ന് ആര്‍.ടി.എ. അധികൃതര്‍ അറിയിച്ചു. അത്യാധുനിക സാങ്കേതികതയും മികച്ച സൗകര്യങ്ങളും മെച്ചപ്പെട്ട സേവനങ്ങളും നല്‍കി പൊതു വാഹനങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കിയത് യാത്രക്കാരുടെ സംതൃപ്തി ലക്ഷ്യമിട്ടാണെന്നും ഇത് ഫലം കാണുന്നതായും അധികൃതര്‍ വ്യക്തമാക്കി.